റോബോട്ടുകളാൽ ചുറ്റപ്പെട്ട സമൂഹം

റോബോട്ടുകളാൽ ചുറ്റപ്പെട്ട സൗഹൃദ സമൂഹത്തിലേക്കുള്ള വഴി എന്ന മുദ്രാവാക്യവുമായി ജപ്പാനിൽ ഒരുക്കിയ അന്താരാഷ്ട്ര റോബോട്ടിക് എക്‌സിബിഷൻ (ഐ.ആർ.ഇ.എക്‌സ്) ശ്രദ്ധേയമായി. 300 ലധികം പ്രദർശകർ സംബന്ധിച്ച  ലോകത്തിലെ ഏറ്റവും വലിയ റോബോട്ട് വ്യാപാര പ്രദർശനമാണ് ടോക്കിയോയിൽ സംഘടിപ്പിച്ചത്. വ്യവസായികൾക്ക് പുറമെ, റോബോട്ടുകളിലെ പുതുമ കാണാൻ നൂറുകണക്കിനാളുകളും പ്രദർശന വേദിയിലെത്തി.  
ജപ്പാനിലെ മറ്റു വ്യാപാര പ്രദർശനങ്ങളിലെന്ന പോലെ റോബോട്ട്  പ്രദർശനത്തിന്റെ  മുദ്രാവാക്യവും നിർമിത ബുദ്ധി (എ.ഐ) കേന്ദ്രീകരിച്ചാണ് സൃഷ്ടിച്ചത്. 
വ്യാവസായിക റോബോട്ട് സോൺ, സർവീസ് റോബോട്ട് സോൺ എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിച്ചായിരുന്നു പ്രദർശനം.  
വ്യക്തിഗത റോബോട്ടുകൾ, ബഹിരാകാശ റോബോട്ടുകൾ, കാർഷിക റോബോട്ടുകൾ, ക്ലീനിംഗ് റോബോട്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് സേവന റോബോട്ടുകൾ. വെൽഡിംഗ് അടക്കമുള്ള ആവശ്യങ്ങൾക്കുള്ള വ്യാവസായിക റോബോട്ടുകൾക്കപ്പുറം ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് അറിയാത്ത യുദ്ധ റോബോട്ടുകളാലും സമ്പന്നമായിരുന്നു എക്‌സിബിഷൻ.  
ഇന്റർനാഷണൽ റോബോട്ട് എക്‌സിബിഷനിൽ വ്യാവസായിക റോബോട്ടുകൾക്കായുള്ള ഉയർന്ന പ്രവർത്തന ക്ഷമതയുള്ളതും ഏറ്റവും പുതിയതുമായി കണക്ടിവിറ്റി ഉപകരണങ്ങൾ ടി.ഇ കണക്റ്റിവിറ്റിയാണ്   പ്രദർശിപ്പിച്ചത്. 
റോബോട്ടിക്‌സിലെ പുതിയ സാങ്കേതിക വിദ്യയും ട്രെൻഡുകളും വിലയിരുത്തുന്നതിനായി ലോകമെമ്പാടുമുള്ള റോബോട്ടിക്‌സ് നിർമാതാക്കളെയും വിദഗ്ധരെയും ഒരു വേദിയിലെത്തിച്ചു എന്നതാണ് പ്രദർശനത്തിന്റെ സവിശേഷത. 
ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും ചെറുതും വലുതമായ  കമ്പനികൾ ഓട്ടോമേഷനിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആഗോളത്തിൽ ശ്രദ്ധേയമായ പ്രദർശനം നടന്നത്.  എല്ലാ രാജ്യങ്ങളിലും വ്യാവസായിക ഉപകരണങ്ങളുടെ ഡിമാൻഡ് വർധിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിലാളി ക്ഷാമവും വിദഗ്ധരായ എൻജിനീയർമാരുടെ റിട്ടയർമെന്റും കോവിഡ് മഹാമാരി ഏൽപിച്ച ആഘാതവും മനുഷ്യവിഭവ ശേഷിയെ ആശ്രയിക്കാത്ത ഉൽപാദനത്തിലേക്കുള്ള മാറ്റത്തെ ശക്തമാക്കിയിട്ടുണ്ട്. 
റോബോട്ടിക് പ്രദർശനത്തിൽ അവതരിപ്പിച്ച പുതുമകളിൽ പലതും ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ്. മെഷീൻ ടു മെഷീൻ (എം2എം), ഹ്യൂമൻ മെഷീൻ ഇന്റർഫേസ്  (എച്ച്.എം.ഐ) രംഗത്ത് അടുത്ത തലമുറ വ്യാവസായിക റോബോട്ടുകൾക്കും അവയുടെ അനുബന്ധ ഉപകരണങ്ങൾക്കുമുള്ള  സാധ്യതയിലേക്ക് നയിക്കുന്നത് കൂടിയായി  പ്രദർശനം. 
കണക്റ്റിവിറ്റി സാങ്കേതിക വിദ്യക്കായുള്ള സമഗ്രമായ പരിഹാരങ്ങളെന്ന നിലയിൽ കണക്ടറുകൾ, സുരക്ഷാ സെൻസറുകൾ  തുടങ്ങിയവ ഉൾപ്പെടെ വ്യാവസായിക റോബോട്ടിക്‌സിനെ പിന്തുണക്കുന്ന നിരവധി പുതിയ ഉൽപന്നങ്ങൾ ടി.ഇ കണക്ടിവിറ്റി പ്രദർശിപ്പിച്ചു. 

 

Latest News