കീവ്- ലോകത്തിലെ സുപ്രധാന ആണവ നിലയങ്ങളിലൊന്നായ ഉക്രൈനിലെ ചെർണോബിലിന്റെ പ്രവർത്തനം നിശ്ചലമായി. ഇന്നലെ ഉച്ചയോടെ അന്താരാഷ്ട്ര ആണവ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെർണോബില്ലുമായി ആണവ ഏജൻസിക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഇത് ആശങ്കയുയർത്തുന്നതാണെന്നും അന്താരാഷ്ട്ര ആണവ ഏജൻസി വക്താവ് അറിയിച്ചു.ആണവ നിലയത്തിൽ നിന്നുള്ള മാലിന്യം പുറം തള്ളുന്ന സംവിധാനത്തിന്റെ ഡാറ്റ എല്ലാ സമയവും അന്താരാഷ്ട്ര ആണവ ഏജൻസിക്ക് ലഭിച്ചു കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ ഉച്ചയോടെ ഈ ഡാറ്റ കൈമാറ്റം നിലച്ചു. ഇതോടെയാണ് ആഗോള തലത്തിൽ വലിയ ആശങ്കയുയർത്തി വാർത്ത പുറത്തുവന്നത്. ആണവ നിലയത്തിൽ സാങ്കേതിക പ്രശ്്‌നങ്ങളുണ്ടെന്ന് ഉക്രൈൻ സർക്കാരും വ്യക്തമാക്കി. അടിയന്തരമായി ചില അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും ഇതിനായി റഷ്യ താൽക്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഉക്രൈൻ വിദേശ കാര്യമന്ത്രി ദിമത്രോ കുലേബ ആവശ്യപ്പെട്ടു. ആണവ നിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് തരംഗങ്ങൾ അന്തരീക്ഷത്തിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് അത്യന്തം അപകടകരമാകുമെന്നും അദ്ദേഹം ആശങ്കയുയർത്തി.
ആണവ നിലയത്തിന്റെ പ്രവർത്തനത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അതേസമയം, നിലയത്തിലെ വൈദ്യുതി ബന്ധം തകരാറിലാണെന്നും ശീതീകരണികൾ പ്രവർത്തിക്കുന്നില്ലെന്നും ഉക്രൈൻ അധികൃതർ ആണവ ഏജൻസിയെ അറിയിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് എത്രയും വേഗം ശീതീകരണികൾ പ്രവർത്തന സജ്ജമാക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ ആണവ നിലയത്തിൽ അപകടസാധ്യതകൾ വർധിക്കുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.
ഉക്രൈനിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ ചെർണോബിൽ ആണവ നിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു. അതേസമയം, ആണവനിലയത്തിന്റെ നിയന്ത്രണം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന് ഉക്രൈൻ അവകാശപ്പെടുന്നുണ്ട്. ആണവ നിലയം റഷ്യയുടെ നിയന്ത്രണത്തിലാകുന്നത് ലോകത്തിന് തന്നെ ഭീഷണിയാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ വിമർശനമുയർത്തിയിരുന്നു.






