ആകാംക്ഷയോടെ രാജ്യം, ഇരുട്ടി വെളുക്കുമ്പോള്‍ ചിരിക്കുന്നതാര്?

ന്യൂദല്‍ഹി - അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം  അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പ്രവചിച്ചിരിക്കുന്നത്. അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുമെന്ന സര്‍വേഫലവും പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇത്തവണ രാജ്യം ഉറ്റുനോക്കുന്നത്.

ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങള്‍ വിധിയെഴുതിയത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.

 

Latest News