കണ്ണൂർ - മയക്കുമരുന്നിന്റെ സാമ്പത്തിക ഇടപാടുകൾ നേരിട്ട് നടത്തിയിരുന്നത് ബംഗളൂരുവിൽ, മുഖ്യ വിതരണക്കാരിക്ക് പ്രതിമാസ ശമ്പളം ഒന്നേമുക്കാൽ ലക്ഷം രൂപ. മരുന്നുവിൽപ്പന നടത്തിയിരുന്നത് ഗൂഗിൾ മാപ്പ് ഉപയോഗിച്ച്. - സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നു കടത്ത് പിടികൂടിയ കണ്ണൂർ പോലീസ് ന്യൂ ജെൻ ലഹരിക്ക് പിന്നിലെ രഹസ്യങ്ങൾ തേടിയപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
കോടികൾ വില വരുന്ന എം.ഡി.എം.എയുമായി പിടിയിലായ കൊയ്യോട്ടെ അഫ്‌സൽ (37), ഭാര്യ ബൽക്കീസ് (28)എന്നിവരുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
ബംഗളൂരുവിൽ താമസിക്കുന്ന നിസാം ആണ് മയക്കുമരുന്നു കടത്തിലെ മുഖ്യകണ്ണി ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന ടൂറിസ്റ്റ് ബസിൽ അയച്ച റെഡിമെയ്ഡ് വസ്ത്ര പാക്കറ്റിനകത്താണ് കോടികളുടെ മയക്കുമരുന്നു കടത്തിയിരുന്നത്. ദമ്പതികൾ പാഴ്‌സൽ കൈപറ്റിയാൽ മയക്കുമരുന്ന് എത്തിക്കേണ്ട ലൊക്കേഷൻ അജ്ഞാത കേന്ദ്രത്തിൽ നിന്ന് വാട്‌സ് ആപ്പിലെത്തും. പറഞ്ഞ സ്ഥലത്ത് സാധനമെത്തിച്ച് ഇതിന്റെ ഫോട്ടോയെടുത്ത് വാട്‌സ്ആപ്പിൽ തിരികെ അയക്കണം. ഈ സ്ഥലത്തു നിന്നു മറ്റൊരു ടീമെത്തിയാണ് സാധനം കൊണ്ടു പോകുക. പിന്നീട് വിതരണം ചെയ്യേണ്ട സാധനം കണ്ണൂരിലെ മുഖ്യ ഏജന്റായ ബൾക്കീസിന്റെ കൈയ്യിലെത്തും. ഇതിന്റെ വിൽപ്പനയും പണം കൈപറ്റലും ബംഗലുരുവിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന് നിസാമും സഹായി ജാസിമുമാണ് നിയന്ത്രിക്കുക. പണം വാങ്ങിയുള്ള കൈമാറ്റത്തിനിടെ ചിലപ്പോൾ പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നതിനാലാണീ ന്യൂ ജെൻ സംവിധാനം.
ആർക്കാണ് വിതരണം ചെയ്യേണ്ടതെന്ന് ബംഗളൂരുവിൽ ലഭിക്കുന്ന നിർദ്ദേശമനുസരിച്ചാണ് ബൾക്കീസ് പ്രവർത്തിക്കാറുള്ളത്. ആളൊഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിലും മറ്റും സാധനം ചെറിയ പാക്കറ്റിലാക്കി നിക്ഷേപിച്ച ശേഷം ഇതിന്റെ ഫോട്ടോയും ഗൂഗിൾ മാപ്പും ബംഗലൂരുവിലെ നമ്പറിലേക്ക് അയക്കാറാണ് പതിവ്. ഗൂഗിൾ പേ വഴി പണം കൈപറ്റിയാലുടൻ ഈ വിവരം പണം നൽകിയ ആളെ അറിയിക്കുകയും അവർ വന്ന് ആരുമറിയാതെ സാധനം എടുക്കുകയും ചെയ്യും. ഒരിക്കലും പിടിക്കപ്പെടില്ലെന്നാണ് ഇതിന്റെ പ്രത്യേകത.
സാധനം വിതരണം ചെയ്യുന്നതിനും ബൾക്കീസിന് വ്യത്യസ്ത ശൈലിയുണ്ട്. ഓരോ സ്ഥലത്തും വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് പോകാറുള്ളത്. ഒരിടത്ത് ജീൻസും ടീ ഷർട്ടുമാണെങ്കിൽ മറ്റൊരിടത്ത് ചുരിദാർ അണിഞ്ഞാവും എത്തുക. സ്വന്തം സ്‌കൂട്ടറിലാണ് യാത്ര. സ്‌കൂട്ടറിന് തകരാറ് സംഭവിച്ചതു പോലെ നിർത്തിയിട്ടാണ് ആരുമറിയാതെ കുറ്റിക്കാട്ടിൽ മയക്കുമരുന്ന് നിക്ഷേപിക്കുക. കണ്ണൂരിലെ മുഖ്യ വിതരണക്കാരിക്ക് ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയ നൽകുന്ന മാസവേതനം 1,80,000 രൂപയാണ്. ഇതിന് പുറമെ റിസ്‌ക് അലവൻസും ഇൻസന്റീവുമുണ്ട്. ബംഗളൂരുവിൽ നിന്ന് പ്രത്യേക നിർദേശ പ്രകാരം കാറിൽ സാധനമെത്തിച്ചു നൽകിയാലാണ് 2000 രൂപ ഇൻസന്റീവ് ലഭിക്കുക.
സാധാരണ നിലയിൽ സ്വന്തം സ്‌കൂട്ടറിലാണ് ഇടപാടുകൾ നടത്താറുള്ളത്. കുടുംബത്തിന്റെ ആവശ്യത്തിന് കാർ മാസവാടകയ്ക്കായി എടുക്കാറാണ് പതിവ്. ഓരോ മാസവും വ്യത്യസ്ത ആളുകളിൽ നിന്നാണ് വാഹനം എടുക്കാറുള്ളത്.
തോട്ടട അമ്മു പറമ്പിൽ ഒരിടത്ത് മയക്കുമരുന്നു നിക്ഷേപിച്ച് മടങ്ങിയത് ഓട്ടോ ഡൈവർമാരുടെ ശ്രദ്ധയിൽ പെട്ടതു മുതലാണ് ഇവർ പോലീസിന്റ നോട്ട പുള്ളിയായത്. അന്ന് മുതൽ ഇവരുടെ സ്‌കൂട്ടർ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
കണ്ണൂർ ജില്ലയിൽ തന്നെ പല സബ് ഏജൻറുമാർ വിതരണത്തിന് ഉണ്ടെന്നാണ് വിവരം. ഇവർ ആരൊക്കെയാണെന്ന് ബംഗലൂരു ലോബിക്ക് മാത്രമേ അറിയൂ. ഏജന്റുമാർ തമ്മിലോ സൂത്രധാരന്മാർ തമ്മിലോ കൂടിക്കാഴ്ചയോ സംസാരമോ പതിവില്ല. മാത്രമല്ല, ഓരോ തവണയും വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് ഇടപാടുകൾ നടത്തിവന്നിരുന്നത്
ഇപ്പോൾ അറസ്റ്റിലായ ദമ്പതിമാർ പത്ത് തവണ എം.ഡി.എം.എ കടത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചായതാണ് വിവരം. റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.