സുധാകരന്റെ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ, വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം, കേസെടുക്കണം

തിരുവനന്തപുരം- കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഭീഷണി മുഴക്കിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സുധാകരന്റെ ജീവിതം സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു സി.വി. വര്‍ഗീസിന്റെ വിവാദ പ്രസംഗം.
വര്‍ഗീസിന്റേത് ഗുണ്ടാനേതാവിന്റെ ഭാഷ്യമാണെന്നും കെ.സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കെ.സുധാകരന്റെ രോമത്തിന്റെ വിലപോലും സി.വി. വര്‍ഗീസിനില്ലെന്നും അയാള്‍ കവലച്ചട്ടമ്പിയാണെന്നും ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.  വിവാദപരാമര്‍ശം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുതോണിയില്‍ ഒരു പരിപാടിക്കിടെ ആയിരുന്നു സി.വി. വര്‍ഗീസിന്റെ വിവാദ പ്രസ്താവന. പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകും. സിപിഎം നല്‍കുന്ന ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. അത്തരമൊരു നികൃഷ്ട ജീവിയെ കൊല്ലാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല- വര്‍ഗീസ് പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസ്-സിപിഎം പോര് രൂക്ഷമായിരുന്നു. കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകിരിച്ച് കെ. സുധാകരന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തിന്റെ പ്രകോപനത്തിന് ഒരു കാരണം.

ധീരജിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത കെ. സുധാകരന്‍ സിപിഎം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ എന്ന പേരില്‍ സിപിഎം ചെറുതോണിയില്‍ പ്രതിഷേധ സംഗമം നടത്തിയിരുന്നു. ഈ പരിപാടിയിലാണ് സുധാകരന് ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറി പ്രസംഗിച്ചത്.

 

Latest News