റിയാദ് - ജനുവരിയിൽ 67 ഖനന ലൈസൻസുകൾ അനുവദിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിൽ കാലാവധിയുള്ള ഖനന ലൈസൻസുകളുടെ എണ്ണം 1,989 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ഖനന ലൈസൻസുകളുള്ളത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ കാലാവധിയുള്ള 406 ഖനന ലൈസൻസുകളുണ്ട്.
രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 375 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 288 ഉം നാലാം സ്ഥാനത്തുള്ള മദീനയിൽ 232 ഉം ഖനന ലൈസൻസുകളുണ്ട്. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ഖനന മേഖലയിൽ നിന്നുള്ള മൂല്യം വർധിപ്പിക്കാനും ധാതുവിഭവ സമ്പത്ത് ഏറ്റവും മികച്ച നിലയിൽ പ്രയോജനപ്പെടുത്താനുമാണ് വ്യവസായ, ധാതുവിഭവ മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദിയിലെ 5,300 ലേറെ സ്ഥലങ്ങളിൽ ധാതുവിഭവ ശേഖരങ്ങളുണ്ട്. ഇവയുടെ ആകെ മൂല്യം അഞ്ചു ട്രില്യൺ റിയാലായി കണക്കാക്കുന്നു.