കണ്ണൂര്‍ - കണ്ണൂരില്‍ കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നു പിടികൂടിയ കേസിന്റെ അന്വേഷണം ബംഗളൂരുവിലേക്ക്. മയക്കുമരുന്ന് അയച്ച റാക്കറ്റിലെ മുഖ്യപ്രതിയെയും സഹായിയേയും തിരിച്ചറിഞ്ഞു. കോടികള്‍ വിലമതിക്കുന്ന എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകള്‍ സഹിതം പിടിയിലായ തൈവളപ്പില്‍ ഹൗസില്‍ അഫ്‌സല്‍(37),ഭാര്യ
കാപ്പാട് ഡാഫോഡില്‍സ് വില്ല ബല്‍ക്കീസ് (28) എന്നിവര്‍ പിടിയിലായതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നിര്‍ണായക സൂചനകള്‍ ലഭിച്ചത്. രണ്ടു കിലോയോളം എം.ഡി.എം.എ, 7.5 ഗ്രാം ഓപ്പിയം, 67 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവ സഹിതമാണിവര്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്. ബംഗളൂരുവില്‍നിന്നും ടൂറിസ്റ്റ് ബസ്സില്‍ കണ്ണൂരില്‍ തുണിത്തരങ്ങളുടെ പാര്‍സല്‍ എന്ന വ്യാജേന ഒളിച്ചു വെച്ചാണ് മയക്കുമരുന്ന് അയച്ചത്. കണ്ണൂര്‍ പ്ലാസ ജങ്ഷനിലെ പാര്‍സല്‍ ഓഫീസില്‍ എത്തിച്ച് അവിടെ നിന്നും പ്രതികള്‍ ഇവ കൈപ്പറ്റുമ്പോഴാണ് പോലീസ് പിടികൂടിയത്.
കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ ബംഗളൂരുവില്‍നിന്നും അയച്ചത് ബല്‍ക്കീസിന്റെ സഹോദരി ഭര്‍ത്താവ് നിസാമാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇയാള്‍ക്കൊപ്പം സഹായിയായി ഉണ്ടായിരുന്നത് മരക്കാര്‍കണ്ടി സ്വദേശി ജാസിമാണെന്നും വിവരം ലഭിച്ചു.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. അന്തര്‍സംസ്ഥാന മയക്കുമരുന്നു കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് നിസാമെന്നാണ് സൂചന. ഈ കേസില്‍ ഇയാള്‍ മുഖ്യപ്രതിയായി മാറും. ബംഗളൂരുവില്‍ ഫ്‌ളാറ്റെടുത്ത് താമസിച്ചു വരുന്ന ഇയാള്‍ നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നു കടത്തിയിരുന്നതായും വിവരം ലഭിച്ചു. കണ്ണൂര്‍ തെക്കി ബാസാറിലെ ഒരു കമ്പ്യുട്ടര്‍ സ്ഥാപനത്തിന്റെ വിലാസത്തിലാണ് ഇയാള്‍ മയക്കുമരുന്നുകള്‍ ടൂറിസ്റ്റ് ബസ് വഴി അയച്ചത്. ഈ സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ വിലാസവും ഫോണ്‍ നമ്പറും ദുരുപയോഗം ചെയ്തായിരുന്നു മയക്കുമരുന്ന് കടത്ത്.
കേസില്‍ പിടിയിലായ ബള്‍ക്കീസിന്റെ ഭര്‍ത്താവ് കൂടിയായ അഫ്‌സല്‍ നേരത്തെ ബംഗളുരുവിലെ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്നു. ജോലി നഷ്ടമായതോടെ നാട്ടിലേക്ക് മടങ്ങി. ബള്‍ക്കീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിസാമുമായി ബന്ധപ്പെട്ടതും മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിഞ്ഞതും. ബള്‍ക്കീസ് നേരത്തെ തന്നെ മയക്കുമരുന്നു വിപണനത്തില്‍ സജീവമായിരുന്നു. ജീന്‍സ് അടക്കമുള്ള വ്യത്യസ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണിവര്‍ വാട്‌സ് ആപ്പ് വഴി ബന്ധപ്പെടുന്നവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പറഞ്ഞുറപ്പിച്ച സ്ഥലത്ത് പാക്കറ്റിലാക്കിയ മയക്കുമരുന്ന് ഉപേക്ഷിക്കാറാണ് പതിവ്. മൂന്നു മാസം മുമ്പ് ഇത്തരത്തില്‍ മയക്കുമരുന്ന് ഉപേക്ഷിക്കുന്നതിനിടെ ഇവര്‍ ഓട്ടോ തൊഴിലാളികളുടെ പിടിയിലായിരുന്നു. എന്നാല്‍ അന്ന് തെളിവുകള്‍ ലഭിക്കാത്തതിനാല്‍ അറസ്റ്റു ചെയ്യാനായില്ല. അന്ന് മുതല്‍ ഇവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിമാസം 1,80,000 രൂപ വരെ മയക്കുമരുന്നു വില്‍പ്പനയിലൂടെ സമ്പാദിച്ചിരുന്നുവെന്നാണിവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് രണ്ടര കോടി മുതല്‍ ആറ് കോടി വരെ വിപണി വിലയുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.
ബള്‍ക്കീസും നിസാമും തമ്മിലുള്ള ആശയ വിനിമയ വിവരങ്ങളും, നിസാമിന്റെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ നിസാം പിടിയിലാവുമെന്നാണ് സൂചന. ഇയാളുടെ മറ്റു ചില ബന്ധുക്കളും ഈ ഇടപാടുകളില്‍ കണ്ണികളാണെന്നാണ് വിവരം. നിസാമിന്റെയും ജാസിമിന്റയും നാട്ടിലെ ഇടപാടുകളെയും ബന്ധങ്ങളെയും കുറിച്ചും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ദമ്പതികളെ റിമാന്റ് ചെയ്തു.