മക്ക- മൂന്നാഴ്ചക്കിടെ മക്ക ബസ് പദ്ധതികൾ ലക്ഷത്തിലേറെ പേർ പ്രയോജനപ്പെടുത്തിയതായി കണക്ക്. ഫെബ്രുവരി 15 ന് ആണ് അൽറസീഫ ഡിസ്ട്രിക്ടിലെ ഹറമൈൻ ട്രെയിൻ സ്റ്റേഷനെയും വിശുദ്ധ ഹറമിന്റെ മുറ്റത്തിനു സമീപമുള്ള ജബൽ ഉമർ ബസ് സ്റ്റേഷനെയും ബന്ധിപ്പിച്ച് മക്ക ബസ് പദ്ധതിയിൽ പരീക്ഷണ സർവീസുകൾക്ക് തുടക്കമായത്. ജബൽ ഉമർ ബസ് സ്റ്റേഷനിൽ നിന്ന് വിശുദ്ധ ഹറമിലേക്ക് 350 മീറ്റർ മാത്രമാണ് ദൂരമുള്ളത്.
മക്ക ബസ് പദ്ധതിയുടെ ഭാഗമായ ബസ് സ്റ്റേഷനുകളുടെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ആകെ 12 റൂട്ടുകളും 425 ബസ് സ്റ്റേഷനുകളും നാലു പ്രധാന സ്റ്റേഷനുകളും മക്ക ബസ് പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.
ഏറ്റവും മികച്ച ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി നിർമിച്ച 85 സീറ്റുകൾ വീതമുള്ള 240 ബസുകളും 125 സീറ്റുകൾ വീതമുള്ള ആർട്ടിക്കുലേറ്റഡ് ബസുകളും മക്ക ബസ് സർവീസ് പദ്ധതിയിൽ ഉപയോഗിക്കും. മക്കയിലെ വിവിധ ഡിസ്ട്രിക്ടുകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിച്ച് 12 റൂട്ടുകളിൽ പൊതുഗതാഗത സേവനം നൽകാൻ മക്ക ബസ് പദ്ധതി ലക്ഷ്യമിടുന്നു.
മക്കയിലെ റോഡുകളിലും തെരുവുകളിലും കാറുകളുടെ എണ്ണം കുറക്കാനും ഇതിലൂടെ പരിസ്ഥിതി മലിനീകരണവും ഗതാഗതത്തിരക്കും കുറക്കാനും ബസ് പദ്ധതി സഹായിക്കും. തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ചക്കനുസരിച്ച് ഗതാഗത സേവനം ഒരുക്കാനും മക്കയിൽ സാമ്പത്തിക വികസനത്തിന് പിന്തുണ നൽകാനും വിശുദ്ധ ഹറമിലും വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ, വിനോദ സ്ഥാപനങ്ങളിലും എളുപ്പത്തിൽ എത്തുന്നതിന് അവസരമൊരുക്കാനും കാറുകൾ ആശ്രയിക്കുന്നത് കുറക്കുന്നതിലൂടെ വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും മക്കയുടെ മറ്റു പ്രദേശങ്ങളിലും പരിസ്ഥിതി മലിനീകരണത്തിന് തടയിടാനും പരിസ്ഥിതി സംരക്ഷിക്കാനും മക്ക ബസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മക്കയിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനും നഗരവാസികൾക്കും സന്ദർശകർക്കും തീർഥാടകർക്കും നൽകുന്ന സേവന നിലവാരം ഉയർത്താനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മക്ക റോയൽ കമ്മീഷൻ ബസ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിശുദ്ധ ഹറമിലേക്കും പ്രധാന ഭാഗങ്ങളിലേക്കും തിരിച്ചും ബസ് സർവീസുകൾ ആരംഭിക്കുന്നത്. എല്ലാ പ്രായവിഭാഗത്തിൽ പെട്ടവരുടെയും വികലാംഗരുടെയും ആവശ്യങ്ങൾ പരിഗണിച്ച് മക്ക നിവാസികൾക്കും തീർഥാടകർക്കും കൂടുതൽ സുരക്ഷിതവും സുഖകരവുമായ ഗതാഗത സേവനം വികസിപ്പിക്കാനാണ് മക്ക യൂനിഫൈഡ് ട്രാൻസ്‌പോർട്ട് സെന്റർ (മക്ക ട്രാൻസ്‌പോർട്ടേഷൻ) ലക്ഷ്യമിടുന്നതെന്ന് മക്ക റോയൽ കമ്മീഷൻ സി.ഇ.ഒ എൻജിനീയർ അബ്ദുറഹ്മാൻ അദ്ദാസ് പറഞ്ഞു.






