പയ്യന്നൂർ- ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 18 കാരിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പാലക്കാട് സ്വദേശിയായ സുനീഷിനെ (44) തിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അരവഞ്ചാലിന് സമീപത്തെ 18 കാരിയാണ് ബലാത്സംഗത്തിനിരയായത്. ഇക്കഴിഞ്ഞ നാലിന്
രാവിലെ ചെറുവത്തൂരിലെത്തിയ സുനീഷ്, പെൺകുട്ടിയെ ചെറുവത്തൂരിന് സമീപത്തെ ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി യുവതിയുടെ കഴുത്തിൽ ചരട് മാല ഇട്ട് വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ബേക്കൽ പള്ളിക്കരയിലെ ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗത്തിനിരാക്കിയെന്നാണ് പരാതി. പെൺകുട്ടി വീട്ടിലെത്താൻ വൈകിയതോടെ രക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിന് കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.