കണ്ണൂർ- രണ്ട് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നു സഹിതം ദമ്പതികൾ പോലീസ് പിടിയിലായി. മുഴുപ്പിലങ്ങാട് സ്വദേശിനിയും കാപ്പാട് ക്ലിക്ക്സ് വില്ലയിൽ താമസക്കാരിയുമായ സി. ബൾക്കീസ് (29), ഭർത്താവ് കൊയ്യോട് ചാലിൽ ഹൗസിൽ ടി.വി. അഫ്സൽ (35) എന്നിവരെയാണ് ടൗൺ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. സംസ്ഥാനത്ത് സമീപകാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. ഇവരിൽ നിന്നും രണ്ട് കിലോയോളം എം.ഡി.എം.എ, 67 ഗ്രാം ബ്രൗൺഷുഗർ, ഏഴര ഗ്രാം കറുപ്പ് എന്നിവ പിടിച്ചെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. ഇതിന് മാർക്കറ്റിൽ രണ്ട് കോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ബംഗളൂരുവിൽ നിന്ന് റെഡിമെയ്ഡ് പാഴ്സലിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് എത്തിച്ചത്. കണ്ണൂരിലേക്ക് വൻതോതിൽ മയക്കുമരുന്നു പാഴ്സൽ വഴി എത്തുന്നുണ്ടെന്നും, ഒരു സ്ത്രീയാണിത് ശേഖരിക്കാനെത്തുന്നത് എന്നുമുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തെക്കി ബാസാറിനടുത്തു പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ നിരീക്ഷണമേർപ്പെടുത്തിയിരുന്നു. ഇവിടെ സ്ത്രീ എത്തി പാഴ്സൽ ശേഖരിക്കുകയും പോലീസ് സംഘം ഇവരെ പിടികൂടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. പാഴ്സൽ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്.
ഇവർ നേരത്തെ മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ളവരാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു.
ഏതാനും മാസം മുമ്പ് മുഴപ്പിലങ്ങാട്ട് എം.ഡി.എം.എ പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഈ ദമ്പതികളിലേക്ക് എത്തിയത്. എന്നാൽ അന്ന് കൃത്യമായ തെളിവ് ലഭിക്കാത്തതിനാൽ അറസ്റ്റു ചെയ്യാനായില്ല.വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അത് വഴിയാണിവർ മയക്കുമരുന്നു വിൽപന നടത്തുന്നത്. ഈ സംഘത്തിൽ ഇവരുടെ ബന്ധുക്കൾ അടക്കമുള്ളവരുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നു അയച്ചതിന് പിന്നിലും ഇതിനായി പണം കണ്ടെത്തിയതിന് പിന്നിലും ആളുകളുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
പ്രതികളെ ഉന്നത പോലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.






