തിരുവനന്തപുരം- കെ.എസ്ആർ.ടി.സി ബസിൽ അധ്യാപികക്കു നേരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ക്യത്യവിലോപം ഉണ്ടായെന്ന് വ്യക്തമായതായും പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടക്ടർക്ക് വീഴചപറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വെച്ചാണ് അധ്യാപികക്കുനേരെ അതിക്രമം ഉണ്ടായത്. ബസ് കണ്ടക്ടർ ജാഫറിനോട് ഇക്കാര്യം പറഞ്ഞെങ്കിലും അവഹേളിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്ന് അധ്യാപിക പരാതിപ്പെട്ടിരുന്നു. കണ്ടക്ടർക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസ്സെടുത്തിട്ടുണ്ട്. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്താണ് കേസ്.
ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറഞ്ഞിരുന്നത്.
അടിയന്തിര അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.