കണ്ണീരണയാതെ പതിനായിരങ്ങൾ സാക്ഷി, ഹൈദരലി തങ്ങൾക്ക് അന്ത്യവിശ്രമം

മലപ്പുറം - പാതിരാവിലും കാത്തുനിന്ന ആയിരങ്ങളെ സാക്ഷിനിർത്തി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യവിശ്രമം. പാണക്കാട് ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഹൈദരലി തങ്ങളുടെ ജനാസ മറവു ചെയ്തു. തങ്ങളുടെ മരണവിവരം അറിഞ്ഞതുമുതൽ ഒഴുകിയെത്തിയ ജനക്കൂട്ടം പാതിരാത്രിയിലും കാത്തുനിന്നു. മലപ്പുറം ടൗൺഹാളിൽനിന്ന് രാത്രി പന്ത്രണ്ടു മണിയോടെ പാണക്കാട്ടെ വസതിയിൽ എത്തിച്ച മൃതദേഹം പിന്നീട് പള്ളിയിലേക്ക് മാറ്റി. സഹോദരങ്ങളായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബറിന് അടുത്തു തന്നെയാണ് ഹൈദരലി തങ്ങൾക്കും അന്ത്യവിശ്രമസ്ഥാനം ഒരുക്കിയത്.  സംസ്ഥാന സർക്കാറിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ജനാസ സംസ്‌കരിച്ചത്.

കേരളത്തിന്റെ ആത്മീയ-രാഷ്ട്രീയ രംഗങ്ങളിലെ സൗമ്യ സാന്നിധ്യമായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഞായറാഴ്ച ഉച്ചയോടെയാണ് വിട പറഞ്ഞത്. മതസാഹോദര്യത്തിന്റെ സന്ദേശങ്ങളിലൂടെ പൊതുസമൂഹത്തിന് നന്മയുടെ വഴികാട്ടിയ ഹൈദരലി തങ്ങൾ മാസങ്ങളായി അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
രണ്ടാഴ്ചയായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നില വഷളാകുകയായിരുന്നു. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹൈദരലി തങ്ങൾ. തുടർന്ന് ആയുർവേദ ചികിൽസക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഫെബ്രുവരി 22 നാണ് എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം അങ്കമാലിയിൽനിന്ന് മലപ്പുറത്ത് എത്തിച്ച് മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. 
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ നിർണായക ശക്തിയായിരുന്ന ഹൈദരലി തങ്ങൾ ആത്മീയ നേതാവെന്ന നിലയിൽ ഒട്ടേറെ പേർക്ക് ആശ്വാസ കേന്ദ്രവുമായിരുന്നു. 


സുന്നി വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി രണ്ടു പതിറ്റാണ്ട് പ്രവർത്തിച്ചു. സഹോദരൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് 2009 ലാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായത്. ചന്ദ്രിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമാണ്.   
പാണക്കാട് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂൺ 15 നാണ് ഹൈദരലി തങ്ങൾ ജനിച്ചത്. പാണക്കാട് ദേവധാർ എൽ.പി സ്‌കൂളിൽ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളിൽ 1959 ൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി. തുടർന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരിൽ മൂന്ന് വർഷം ദർസ് പഠനം നടത്തി. പൊന്നാനി മഊനത്തുൽ ഇസ്ലാം അറബിക് കോളേജിലും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലുമായിരുന്നു പിന്നീടുള്ള പഠനം. 1974 ൽ മൗലവി ഫാസിൽ ഫൈസി ബിരുദം കരസ്ഥമാക്കി. ജാമിഅയിലെ പഠനത്തിനിടെ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1973 ൽ സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. 
1977 ൽ മലപ്പുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരിൽ മഹല്ല് പള്ളി മദ്രസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മതരംഗത്തോട് കൂടുതൽ സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും മരണത്തോടെ ആത്മീയ, രാഷ്ട്രീയ രംഗങ്ങളിൽ നേതൃസ്ഥാനത്തെത്തി. 2008 ൽ സമസ്ത മുശാവറ അംഗമായും 2010 ഒക്ടോബർ രണ്ടിന് സമസ്ത വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2009 ൽ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മത, ഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ, അഗതി മന്ദിരങ്ങളുടെ അധ്യക്ഷൻ തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ വിവിധ സ്ഥാപനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. 
പരേതനായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്ക് പുറമെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.
കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യിദ് നഈമലി ശിഹാബ് തങ്ങൾ, സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കൾ.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ മലപ്പുറം ടൗൺ ഹാളിൽ എത്തിയിരുന്നു. 

Latest News