Sorry, you need to enable JavaScript to visit this website.

വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പറഞ്ഞാല്‍ നടപ്പാക്കും- മുഖ്യമന്ത്രി

പയ്യന്നൂര്‍- ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങള്‍ ഉയരുന്നതുകൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റിവെക്കാനോ, തല്‍ക്കാലം അവിടെ ഇരിക്കട്ടെ എന്ന് വെക്കാനോ  സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയുടെ പയ്യന്നൂര്‍ ഏറ്റുകുടുക്കയിലെ 35 ഏക്കറില്‍ സ്ഥാപിച്ച 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വന്‍കിട പദ്ധതികളോടൊപ്പം പരിസ്ഥിതി സൗഹൃദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജനങ്ങളാകെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് നാം കണ്ടതാണ്. ചില വികസന പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കും എന്ന് പറഞ്ഞാല്‍ നടപ്പാക്കും എന്നുതന്നെയാണര്‍ഥം. വികസന പ്രവര്‍ത്തനം ഇപ്പോള്‍ നടപ്പാക്കാന്‍ പാടില്ലെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്-മുഖ്യമന്ത്രി ചോദിച്ചു.
ഇത്തരം വികസന പദ്ധതികള്‍ നമുക്ക് വേണ്ടിയുള്ളതല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഭാവി തലമുറക്കും വേണ്ടിയുള്ളതാണ്. അവരുടെ മുന്നില്‍ നമ്മള്‍ കുറ്റക്കാരാകാന്‍ പാടില്ല. നമ്മുടെ സമൂഹത്തിനും പരിസ്ഥിതിക്കും ഇണങ്ങുന്ന വികസന പ്രവര്‍ത്തനങ്ങളാണ്  ഏറ്റെടുക്കുകയെന്ന് ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അതിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതിയും ചെറുകിട ജലവൈദ്യുത പദ്ധതിയുമൊക്കെ വലിയ തോതില്‍ നാട്ടില്‍ വരണം. സൗരോര്‍ജ പ്ലാന്റ് നമ്മുടെ നാടിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സംസ്ഥാന സര്‍ക്കാറിന്റെ വികസന കാഴ്ചപ്പാടിന് കൂടുതല്‍ കരുത്തേകാനാണ് സിയാലിന്റെ പരിസ്ഥിതി സൗഹൃദമായ സംരംഭത്തിലൂടെ കഴിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭ്യമായ ഭൂമിയുടെ ചരിവ് നികത്താതെ ഭൗമഘടനാനുസൃത സൗരോര്‍ജ പ്ലാന്റ് ആയതിനാല്‍ നിരപ്പാര്‍ന്ന സ്ഥലത്തുള്ള പ്ലാന്റുകളെക്കാള്‍ 35 ശതമാനത്തില്‍ അധികം പാനലുകള്‍ ഇവിടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. ഇവിടെനിന്ന് പ്രതിദിനം 48,000 യൂനിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ സിയാലിന്റെ സോളാര്‍ പ്ലാന്റുകളുടെ സ്ഥാപിതശേഷി 50 മെഗാവാട്ട്  ആയി വര്‍ധിച്ചു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഭൂഗര്‍ഭ കേബിള്‍ വഴി കാങ്കോല്‍ 110 കെ വി സബ്‌സ്‌റ്റേഷനിലേക്കാണ് നല്‍കുന്നത്. അധിക വൈദ്യുതി കെഎസ്ഇബിയുടെ പവര്‍ ഗ്രിഡിലേക്ക് നല്‍കി ആവശ്യമുള്ളപ്പോള്‍ തിരിച്ചു ലഭിക്കുന്ന പവര്‍ ബാങ്കിങ് സമ്പ്രദായമാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി നടപ്പിലാക്കുന്നത്.

സോളാര്‍ പാനലുകളിലൂടെ ഉല്‍പാദിപ്പിക്കുന്ന ഊര്‍ജ്ജത്തിന് പരിസ്ഥിതി സംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ കാര്‍ബണ്‍ പാദമുദ്ര കുറക്കുക വഴി പരിസ്ഥിതിക്ക് ഗുണകരമാകുന്നു. 50 മെഗാവാട്ട്  സ്ഥാപിത ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദന പ്രക്രിയക്ക്, പ്രതിവര്‍ഷം 28000 മെട്രിക് ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ്  ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കും. ഒരുകോടി ലിറ്റര്‍ ഫോസില്‍ ഇന്ധനങ്ങള്‍ കരിച്ചുകളയാതിരിക്കുന്നതിനും 7000 കാറുകള്‍ ഒരു വര്‍ഷം നിരത്തില്‍  ഉപയോഗിക്കാതിരിക്കുന്നതിനും തുല്യമാണിത്. കൂടാതെ 46 ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് 10 വര്‍ഷം കൊണ്ട് ലഭ്യമാക്കപ്പെടുന്ന  വായുവിന് തുല്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവള നടത്തിപ്പ് കമ്പനി ഹരിത ഊര്‍ജ ഉത്പാദകരാവുകയെന്ന അപൂര്‍വ്വതയാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി സാധ്യമാക്കിയത്.

ഏറ്റുകുടുക്ക കിണര്‍മുക്കിലെ പ്ലാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, എം എല്‍ എ മാരായ ടി ഐ മധുസൂദനന്‍, എം രാജഗോപാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി വല്‍സല, കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം വി സുനില്‍കുമാര്‍, ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വല്‍സലന്‍, ജില്ലാ പഞ്ചായത്തംഗം എം രാഘവന്‍, കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തംഗം ബിന്ദുമോള്‍, മുന്‍ എംപി കെ കെ രാഗേഷ് , കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി എം ഡി എസ് സുഹാസ് ,  കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി ജോസ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു . പദ്ധതിയുമായി സഹകരിച്ച ടാറ്റ പവര്‍ പ്രതിനിധികള്‍ക്കുള്ള ഉപഹാരം ടി ഐ മധുസൂദനന്‍ എം എല്‍ എ നല്‍കി.

 

Latest News