കണ്ണൂര്‍- ഇടുക്കിയില്‍ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ധീരജിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു.
ഇടുക്കി ഗവ: എഞ്ചിനീയറിങ് കോളേജില്‍ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട എസ് എഫ് ഐ പ്രവര്ത്തകന് ധീരജിന്റെ കുടുംബവുമായി സംസാരിച്ചുവെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കില്‍ കുറിച്ചു.
ധീരജിന്റെ വിയോഗം ആ കുടുംബത്തിന് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണകളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പു നല്കി. സഖാവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു- മുഖ്യമന്ത്രി കുറിച്ചു.
കഴിഞ്ഞ ജനുവരി പത്തിനാണ് ധീരജ് രാജേന്ദ്രനും (21) അഭിജിത്, അമല്‍ എന്നീ വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് നിഖില്‍ പൈലിയാണ് പുറമെ നിന്നുള്ള സംഘവുമായി കോളേജിലെത്തി കൊലപാതകം നടത്തി രക്ഷപ്പെട്ടതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.






