വടക്കെ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ലാറ്റിനമേരിക്കയിൽ സന്നാഹ മത്സരങ്ങൾ കളിക്കാനുള്ള ഇംഗ്ലണ്ടിന്റെ പദ്ധതി ഇത്ര വലിയ പുലിവാലാകുമെന്ന് ആരും കരുതിയിരുന്നില്ല. റിയോഡിജനീറോയിൽ അവർ ബ്രസീലുമായി കളിച്ചു. അവിടെ നിന്ന് കൊളംബിയയിലേക്ക് പോയി. തലസ്ഥാന നഗരിയായ ബൊഗോട്ടയിലാണ് ടീം താമസിച്ചത്. മനോഹരമായിരുന്നു ആ ഹോട്ടൽ. താഴെ നിലയിൽ ഏതാനും ഷോപ്പുകൾ പ്രവർത്തിച്ചു.
ഒരു സായാഹ്നത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബോബി മൂറും സഹതാരം അലൻ മുലേരിയും ഷോപ്പുകളിലൂടെ കറങ്ങി നടക്കാനിറങ്ങി. ഫ്യൂഗൊ വെർദെ ജ്വല്ലറിയിൽ കയറിയിറങ്ങിയ ശേഷം അവർ ഹോട്ടൽ ലോബിയിലേക്ക് നീങ്ങി. പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ജ്വല്ലറി ഉടമ അവരുടെ പിന്നാലെ കൂടി. ഒരു ബ്രെയ്‌സ്‌ലറ്റ് കാണാനില്ലെന്ന് പരാതിപ്പെട്ട അദ്ദേഹം പോലീസിനെ വിളിച്ചു. കൊളംബിയയിൽ ഇത്തരം തന്ത്രങ്ങൾ പതിവായിരുന്നു. മോഷണം ആരോപിച്ച് പണം തട്ടലാണ് പരിപാടി. കോച്ച് ആൽഫ് റാംസി ഇടപെട്ടാണ് ജ്വല്ലറി ഉടമയെ സമാധാനിപ്പിച്ചത്. കുഴപ്പം അവിടെ അവസാനിച്ചുവെന്ന് ഇംഗ്ലണ്ട് ടീം കരുതി. കൊളംബിയയെയും ഇക്വഡോറിനെയും സന്നാഹ മത്സരങ്ങളിൽ തോൽപിച്ച് ഇംഗ്ലണ്ട് ടീം മടങ്ങി.
ഏതാനും മാസങ്ങൾക്കു ശേഷം ലോകകപ്പിനായി മെക്‌സിക്കോയിലേക്ക് ഇംഗ്ലണ്ട് ടീം സഞ്ചരിച്ചത് കൊളംബിയ വഴിയാണ്. ബൊഗോട്ടയിൽ ടീം താമസിക്കുന്ന ഹോട്ടലിലേക്ക് പോലീസ് ഇരച്ചു കയറി. മൂറിനെ അറസ്റ്റ് ചെയ്തു. മൂർ ബ്രെയ്‌സലെറ്റ് മോഷ്ടിക്കുന്നതു കണ്ടതായി അവകാശപ്പെട്ട് ഒരു സാക്ഷി അപ്പോഴേക്കും രംഗപ്രവേശം ചെയ്തിരുന്നു. നാലു ദിവസത്തോളം മൂർ കസ്റ്റഡിയിലായി. ഇതിനിടയിലും പരിശീലനം നടത്താൻ ഡിഫന്റർക്ക് അനുമതി ലഭിച്ചു. വലിയ നയതന്ത്ര ഇടപെടലുണ്ടായി. ഒടുവിൽ കോടതി മൂറിനെ വെറുതെ വിട്ടു.
കളിക്കളത്തിലും പുറത്തും മാന്യനായ കളിക്കാരനായിരുന്നു മൂർ. ഐതിഹാസിക മത്സരത്തിനു ശേഷം പെലെയും മൂറും ജഴ്‌സികൾ കൈമാറുന്ന ദൃശ്യം 1970 ലെ ലോകകപ്പിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നാണ്.