ഖത്തറിന്റെ വേദികളിൽ പാട്ടിന്റെ പാലാഴി തീർത്ത് മുന്നേറുന്ന യുവഗായികയാണ് ലെത്തീഷ ഫൈസൽ. ഏത് തരം പാട്ടുകളും തന്മയത്വത്തോടെ അവതരിപ്പിച്ച് ജനമനസ്സുകളിൽ കൂടുകൂട്ടിയ ഈ പാട്ടുകാരി ഒരു നോക്ക് നോക്കാതെ എന്ന സംഗീത ആൽബത്തിൽ ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിനോടൊപ്പം പാടിത്തകർത്തത് സംഗീതാസ്വാദകർ ഏറ്റെടുത്തതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
പ്രണയിത്തിന്റെ മാസമായ ഫെബ്രുവരി ആദ്യവാരത്തിൽ പുറത്തിറങ്ങിയ പ്രണയാർദ്രമായ ഈ മ്യൂസിക്കൽ ആൽബം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
പ്രായത്തിനപ്പുറമുള്ള പക്വതയോടെ പതിനഞ്ചുകാരൻ ദൽഹത്ത് മാന്തോട്ടം പകർത്തിയ വരികൾക്ക് അഷ്‌റഫ് മഞ്ചേരി നൽകിയ ഇമ്പമാർന്ന സംഗീതത്തിലൂടെ തനതായ ശൈലിയിൽ നജീം അർഷാദും പുതുക്കത്തിലും പതക്കം കാത്ത് സൂക്ഷിച്ച് ലെത്തീഷ ഫൈസലും പാടിത്തകർത്തുവെന്നാണ് ഒരു നോക്ക് നോക്കാതെ എന്ന ആൽബം വിലയിരുത്തപ്പെടുന്നത്.
തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് അബ്ദുൽ ലത്തീഫിന്റെയും ഷാജിദയുടെയും മകളായാണ് ലെത്തീഷ ജനിച്ചത്. ചെറുപ്പം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്നു. ഉപ്പയുടെ ഉമ്മ ചെറുതായി പാടുമായിരുന്നു. അതിൽ നിന്നാകാം പാട്ടുകളോട് പ്രത്യേക താൽപര്യം തോന്നിത്തുടങ്ങിയത്.
നാലാം ക്ലാസ് മുതൽ സ്‌കൂളിലെ വിവിധ വേദികളിൽ പാടാൻ തുടങ്ങി. ആദ്യ അവസരത്തിൽ തന്നെ പാട്ടിന് സമ്മാനം കിട്ടിയത് ആത്മവിശ്വാസം വർധിപ്പിക്കുകയും മാപ്പിളപ്പാട്ട്, ലളിത ഗാനം, ഒപ്പന തുടങ്ങിയ വിവിധ ഇനങ്ങളിൽ മാറ്റുരക്കുകയും ചെയ്തു. കോളേജിലും കലാ സാഹിത്യ മൽസരങ്ങളിലൊക്കെ സജീവമായിരുന്നു.
ഗുരുവായൂർ ആര്യഭട്ട കോളേജിൽ ഡിഗ്രി ഇക്കണോമിക്സിന് പഠിച്ചുകൊണ്ടിരിക്കേയാണ് വിവാഹം നടന്നത്. അതോടെ പാട്ടും മൽസരങ്ങളുമൊക്കെ തൽക്കാലം നിർത്തിവെച്ചു. എന്നാൽ സന്ദർശനാർഥം ഖത്തറിലെത്തിയപ്പോഴാണ് ഭർത്താവ് ഫൈസലിന്റെ പ്രോൽസാഹനത്താൽ വിവിധ വേദികളിൽ പാടാൻ തുടങ്ങിയത്. പാടിയ വേദികളിൽ നിന്നും ലഭിച്ച പ്രോൽസാഹനവും ഖത്തറിലെ സഹൃദയ ലോകത്തിന്റെ നിറഞ്ഞ പിന്തുണയുമാണ് നാണം കുണുങ്ങിയായ ലെത്തീഷയെ ഒരു നല്ല പാട്ടുകാരിയും പെർഫോമറുമാക്കിയത്.
ഇതിനകം നിരവധി വേദികളിൽ ലെത്തീഷ പാടിക്കഴിഞ്ഞു. കോവിഡ് കാലത്ത് വേദികൾ കുറവായിരുന്നെങ്കിലും ചെറിയ ചെറിയ കൂട്ടായ്മകളിലൊക്കെ പാടാനായി. ആ സമയത്താണ് ശ്രദ്ധേയനായ ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിനൊടൊപ്പം ആൽബത്തിൽ പാടാൻ അവസരം ലഭിച്ചത്. കൂടുതൽ ആൽബങ്ങളിലും സിനിമയിലുമൊക്കെ പാടാനുള്ള അവസരം കാത്തിരിക്കുകയാണ് ഈ ഗായിക.
എല്ലാ തരം പാട്ടുകളും ലെത്തീഷക്ക് വഴങ്ങുമെങ്കിലും ഗസലുകളോടും മെലഡികളോടുമൊക്കെയാണ് ഈ ഗായികക്ക് ഏറെ പ്രിയം. ക്യൂ മലയാളത്തിന്റെയും മെഹ് ഫിൽ ദോഹയുടെയും വേദികളിൽ നടന്ന ഈ ഗായികയുടെ ഗസൽ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളം, ഹിന്ദി, തമിഴ് പാട്ടുകളൊക്കെ പാടാറുണ്ട്. ഫാസ്റ്റ് നമ്പറുകളും മെലഡികളുമൊക്കെ വഴങ്ങും. എങ്കിലും പഴയ മെലഡികൾ പാടുമ്പോൾ ലഭിക്കുന്ന സുഖം മറ്റെവിടെയും ലഭിക്കില്ലെന്നാണ് ലെത്തീഷ കരുതുന്നത്.
പ്രൊഫഷണലായി പാട്ടു പഠിച്ചിട്ടില്ലെങ്കിലും നിരന്തരം കേട്ടു പഠിച്ചാണ് ലെത്തീഷ സ്റ്റേജുകളിൽ പാട്ടുകൾ അവതരിപ്പിക്കാറുള്ളത്. പാട്ടുകൾ കേൾക്കുന്നതും പാടുന്നതുമൊക്കെ വല്ലാത്തൊരനുഭൂതിയാണ് . പലപ്പോഴും സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും പാട്ടുകളെയാണ് ആശ്രയിക്കാറുള്ളതെന്ന് ലെത്തീഷ പറഞ്ഞു. സങ്കർഷഭരിതമായ മനസ്സിലേക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും കുളിർക്കാറ്റായെത്തുന്ന പാട്ടുകളെ പ്രണയിച്ചാണ് ജീവിതം മനോഹരമാക്കുന്നത്.
മനുഷ്യ ജീവിതത്തിൽ പാട്ടുകളുടെ സ്വാധീനം അനിഷേധ്യമാണ്. കേവലം ആസ്വാദനത്തിനുമപ്പുറം ഒട്ടേറെ രചനാത്മകമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുവാൻ പാട്ടുകൾക്ക് കഴിയും. നല്ല പാട്ടുകൾ കേൾക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ സർഗാത്മകമായ പ്രവർത്തനമാണ് .
ഖത്തറിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന ഫൈസലാണ് പ്രിയതമൻ. എന്റെ പാട്ടുകൾ കൂടുതൽ ആസ്വദിക്കുന്നതും ഏറ്റവും വലിയ പ്രോൽസാഹനം നൽകുന്നതും അദ്ദേഹമാണ്. ആ പിന്തുണയും പ്രചോദനവുമാണ് വേദികളിൽ നിന്നും വേദികളിലേക്കുള്ള തന്റെ പ്രയാണത്തിന് കരുത്ത് പകരുന്നത്. ദിയ, ജന്ന എന്നിവരാണ് ലെത്തീഷ ഫൈസൽ ദമ്പതികളുടെ മക്കൾ.






