പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി നാട്ടിലും മറുനാട്ടിലും അരങ്ങുണർത്തുകയാണ് പ്രമുഖ നാടക സംവിധായകനും സിനിമാ പ്രചാരകനുമായ രവി തൈക്കാട്. രോഗ പരീക്ഷണ കാലം നിറഞ്ഞാടുമ്പോൾ പോലും രണ്ടു നാടകങ്ങളാണ് അതിന്റെ തനിമയിലും സംസ്‌കാരത്തിലും ചേർത്തു പിടിച്ചു രംഗത്തവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. കൊൽക്കത്ത കേരളീയ മഹിളാ സമാജിനു വേണ്ടി ഒരുക്കിയ 'സ്വർണമര'വും,
ഒ.വി.വിജയൻ സ്മാരക സമിതി നാടകോത്സവത്തിലേക്കുള്ള 'കുഴിയാനപ്പറവകളും'.
ജനകീയ കലാരൂപമായ നാടകത്തിന്റെ പ്രസക്തിക്കു കാര്യമായി കുറവു വന്നിട്ടില്ലെന്ന സൂചനയാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായി തുടരുന്ന നാടക വിചാരം വ്യക്തമാക്കുന്നത്. പുതിയ കാലം
ജീവിതത്തിന്റെ എല്ലാ മേഖലയിലും അതിന്റെ ഉപദാനങ്ങൾ സൃഷ്ടിച്ച് നൽകിയിരിക്കുന്നത് പോലെ പുതിയ കാലാനുഭവങ്ങളിൽ നിന്ന് ഏറ്റവും പുതിയ നാടകവും സൃഷ്ടിക്കപ്പെടുന്നുണ്ട്.
ഫേസ്ബുക്ക്, വാട്‌സ് ആപ് ഗ്രൂപ്പുകളിൽ ലൈം ലൈറ്റ് തിയേറ്റഴ്‌സ് ഒരുക്കുന്ന പ്രഥമ നാടകമായ 'കുഴിയാനപ്പറവകൾ' ക്കു വേണ്ടി ഒരു കുറിപ്പ് എഴുതി പോസ്റ്ററും ബ്രോഷറും പ്രകാശനം ചെയ്യുന്ന രീതി നൂറുകണക്കിന് കലാസ്‌നേഹികൾ ഏറ്റെടുത്തിരിക്കുകയാണ്.

നാടക വിചാരത്തിനു തുടക്കം കുറിച്ച ഈ വ്യത്യസ്ത പ്രചാരണ രീതി അനുസ്യൂതം തുടരുകയാണ്.
നാടകമെന്ന കലാരൂപത്തോട് ഇന്നും അഭിനിവേശമുള്ള അനവധി ആസ്വാദകരുണ്ടെന്ന് ഇപ്പോഴത്തെ ഈ പ്രചാരണവും സംവാദവും പറയുന്നു.
ഇത്തരത്തിൽ നാടകത്തെ മൂല്യപ്രഘോഷണത്തിനായി പ്രയോജനപ്പെടുത്തി വൈവിധ്യമാർന്ന വിധം ജൈത്രയാത്ര തുടരുന്ന വ്യക്തിയാണ് രവി തൈക്കാട്.
അതിർത്തികളും ഉപാധികളുമില്ലാത്ത സന്ദേശമാണ് രവി തൈക്കാടിന്റെ നാടകങ്ങളുടെ ജീവൻ. നാടകം എല്ലാ കാലത്തും സമൂഹ വിമർശനം നടത്തുന്ന കലാരൂപമാണ്. എല്ലാ കാലത്തും അരുതായ്മകൾക്കും
എല്ലാ അധികാര കേന്ദ്രങ്ങൾക്കുമെതിരെ ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരിക്കും.
അക്ഷമരായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആകാംക്ഷക്കു വിരാമമിടുന്ന ശരമായും ശബ്ദമായും ആജ്ഞയായും സമ്പൂർണമായി പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. ദൃശ്യകാവ്യകലയാൽ, തെരുവിൽ ഒച്ചവെച്ചു തന്നെ പ്രതിരോധം തീർക്കുന്ന വ്യക്തിയാണ് രവി തൈക്കാട്. 45 മിനിറ്റ് ദൈർഘ്യമുള്ള കുഴിയാനപ്പറവകളിൽ രണ്ട് കഥാപാത്രങ്ങളാണ് ഉളളത്- ചേലൻ, മറുത. അതിഥി പ്രേം സുന്ദറാണ് മറുതയെ അവതരിപ്പിക്കുന്നത്. ചേലൻ ആയി സുനിൽ തിരുനെല്ലായി അരങ്ങിലെത്തുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള നാടകങ്ങളും കലാസൃഷ്ടികളുമാണ് രവി തൈക്കാടിന്റെ പ്രതിഭഗുണം.

2002 മുതൽ 2018 വരെയുളള സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ ഫെസ്റ്റിൽ ബധിരമൂകരായ വിദ്യാർത്ഥികൾക്കു വേണ്ടി രവി തൈക്കാട്ട് സംവിധാനം ചെയ്ത നാടകങ്ങൾ 16 തവണയാണ് എ ഗ്രേഡും ഒന്നാം സമ്മാനവും നേടിയത്.
യാക്കര ശ്രവണ സംസാര സ്‌കൂളിനു വേണ്ടി മൗനത്തെ വാചാലമാക്കിയ 28 നാടകങ്ങൾക്ക് രംഗഭാഷ്യം നൽകി അവതരിപ്പിച്ചതും ചരിത്രമാണ്.
ഭിന്ന ശേഷിയുളള കുട്ടികൾക്കു വേണ്ടി കേരള സംഗീത നാടക അക്കാദമിയുടെ അഫിലിയേഷനോടെ റീഡ് എന്ന തിയേറ്റർ തെറാപ്പി സ്‌കൂൾ തുടങ്ങി.
സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷിയുളള കുട്ടികളുടെ സർഗാത്മകതയെ വെളിച്ചത്തു കൊണ്ടുവരികയും അവർക്ക് ഉണർവേകുന്ന തിയേറ്റർ തെറാപ്പി കേന്ദ്രവുമായിരുന്നു 'റീഡ്'.
റീഡ് നടത്തിയ തിയേറ്റർ ഫെസ്റ്റും ശ്രദ്ധേയമായിരുന്നു.
അരങ്ങൊഴിഞ്ഞു പോകുന്ന ഒരു കലാരൂപത്തിന്റെ വീണ്ടെടുക്കലിനായി ഇദ്ദേഹത്തെ പോലുള്ളവർ ഇപ്പോഴും നാടകത്തെ ജ്വലിപ്പിച്ചു നിർത്തുന്നു.
ഇരുന്നൂറിലധികം നാടകങ്ങൾ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.
മുപ്പത് ഷോർട്ട് ഫിലിമുകളും തിരക്കഥ എഴുതി സംവിധാനം ചെയ്തു.
2020 ൽ രവി തൈക്കാട് രചനയും സംവിധാനവും ചെയ്ത ഹ്രസ്വചിത്രം 'ആത്മന' ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നടന്ന ഫെസ്റ്റിവലുകളിൽ മികച്ച നടനുളള അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.
കുഴിയാനപ്പറവകൾ എന്ന ശീർഷകം തന്നെ നമ്മെ കൗതുകപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കുഴിയാനകൾ പ്രതീകങ്ങൾ മാത്രം.
ആ സൂക്ഷ്മ രൂപങ്ങളിൽ നിന്ന് സ്ഥൂലരൂപങ്ങളായ മനുഷ്യരിലേക്ക് പ്രേക്ഷക നിരീക്ഷണം പരകായപ്രവേശം നടത്തുമ്പോൾ ഈ നാടകം അതിരുകളേതുമില്ലാതെ വലുതായിത്തീരുന്നു.
സ്വന്തം മണ്ണും ഭൂമിയും ഇര തേടുന്ന ഇടവും നഷ്ടമാകുമ്പോഴുള്ള ആകുലതകളിലെ സാമ്യം മനുഷ്യരിലും കുഴിയാനകളിലും ഒരുപോലെയാണ്.
പ്രാണികളുടെയും മനുഷ്യരുടെയും അതിജീവന പ്രതിസന്ധികൾ മറുത, ചേലൻ എന്നീ കഥാപാത്രങ്ങളിലൂടെ കാണാം. കുഴിയാന പറവകളിലൂടെ
കഥാ സന്ദർഭത്തിന് അനുസരിച്ചുള്ള അഞ്ചു കവിതകൾ ഗോത്ര ഭാഷയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഗോത്ര കവയിത്രിയും സിനിമ പിന്നണി ഗായികയുമായ ബിന്ദു ഇരുളമാണ് ഗാനരചന. വടകര ജിജ ജ്യോതിചന്ദ്രൻ സംഗീതവും ജനാർദ്ദനൻ പുതുശ്ശേരിയും ജിജയും ജിതിനും ആലാപനവും നിർവഹിച്ചു.
പുത്തൂർ രവി ചെയർമാനായ ലൈം ലൈറ്റ്‌സിന്റെ സാരഥികൾ എ.കെ.വൽസൻ, എം.ജി.പ്രദീപ് കുമാർ, കെ.രാജീവൻ, വിജിത പ്രേംസുന്ദർ തുടങ്ങിയവരാണ്. സംഘാടക നേതൃത്വവും സഹസംവിധാനവും പ്രേം സുന്ദർ. കൊറിയോഗ്രഫി: അതിഥി പ്രേംസുന്ദർ,
കലാസംവിധാനം: പ്രമോദ് പള്ളിയിൽ, പരസ്യകല: ബാബു കുഡൂർ, പശ്ചാത്തല സംഗീതം: വിഷ്ണു പ്രസാദ്, ശബ്ദലേഖനം: ജിം ജോൺ സോപാനം, ഇംഗ്ലീഷ് പരിഭാഷ: ഹഗിത് കാശിനാഥ് ഹരി. ശബ്ദസംവിധാനം: റഹ്മാൻ കോങ്ങാട്. ഭാഷാ ശൈലിയിലും അവതരണത്തിലും പുതുമ പകരുന്ന കുഴിയാനപ്പറവകൾ വ്യത്യസ്തമായൊരു അനുഭവമായിരിക്കും. കൊൽക്കത്ത കേരളീയ മഹിള സമാജിനു വേണ്ടി മുപ്പതിലധികം സ്ത്രീകളെ അഭിനയിപ്പിക്കുന്ന 'സ്വർണമരം' കൊൽക്കത്തയിലെ ഒരു പ്രദേശത്തിന്റെ കഥയാണ് പറയുന്നത്. സ്ത്രീപ്രാധാന്യമുളള രണ്ടര മണിക്കൂർ ദൈർഘ്യമുളള സ്വർണമരം ലോകനാടക ദിനമായ മാർച്ച് 27 ന് ബെഹാല ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കും.






