വിഖ്യാത ഗായകൻ മുഹമ്മദ് റഫി ഇഹലോകവാസം വെടിഞ്ഞ് നാല് ദശകങ്ങളിലേറെയായി. അദ്ദേഹത്തിന്റെ തട്ടകം ബോളിവുഡും ജീവിച്ചത് മുംബൈ നഗരത്തിലും. എന്നാൽ റഫിയുടെ സ്മരണ ഏറ്റവും സജീവമായി നിലനിർത്തുന്നത് കേരളത്തിൽ കോഴിക്കോട്ടാണെന്ന് നിസ്സംശയം പറയാം. വെറുതെയെങ്കിലും റഫിയുടെ ഹൃദ്യ ഗാനങ്ങൾ ഒന്ന് മൂളാത്തവരായി ഈ നഗരത്തിൽ ആരുമുണ്ടാവില്ല. ഓരോ വർഷവും മുഹമ്മദ് റഫി ചരമ വാർഷികവും പിറന്നാളും ആചരിക്കുന്ന കാര്യത്തിലും കലാവേദികൾ മത്സരിക്കുകയാണ്. പന്നിയങ്കരയിൽ മുഫി ടൈംസ് എന്ന വാച്ച് പീടിക നടത്തുന്ന കാലിക്കറ്റ് മെഹബൂബിന് റഫി ഗാനങ്ങളെന്നാൽ ജീവനാണ്. സ്‌റ്റേജുകളിലും റേഡിയോയിലും ചാനലുകളിലും റഫി-കിഷോർ ഗാനങ്ങളാലപിച്ചാണ് മെഹബൂബ് നഗരത്തിലെ കലാസ്വാദകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടിയത്. കൊറോണ കാലത്ത് പൊതുപരിപാടികൾ മുടങ്ങിയപ്പോൾ യുട്യൂബ് ചാനൽ തുടങ്ങിയാണ് അദ്ദേഹം ഗാനാലാപനത്തിലെ താൽപര്യം വളർത്തിയെടുത്തത്.

ഇക്കഴിഞ്ഞ ഡിസംബർ 21 ന് റഫിയുടെ 97 ാം പിറന്നാൾ കോഴിക്കോട് നടക്കാവിൽ ആഘോഷിച്ചത് കേരള റഫിയെന്നറിയപ്പെടുന്ന സൗരവ് കിഷന്റെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചാണ്. ബേപ്പൂരിനടുത്തുള്ള അരക്കിണറിൽ മിൻമർഹാസ് എന്ന മെഹ്ബൂബിന്റെ വസതിയിൽ നിറഞ്ഞു നിൽക്കുന്നതും റഫിയുടെ ഇമ്പമാർന്ന ഗാനങ്ങളാണ്. ഭാര്യ: ഫൗസിയ, മക്കൾ: മുഫൈസ്, മിൻഹ, മർഹ. മെഹ്ബൂബിന്റെ ഗുജറാത്ത് - മുംബൈ കണക്ഷൻ അദ്ദേഹത്തിന്റെ സംഗീത അഭിരുചി വളർത്തിയെടുക്കാൻ സഹായകമായി. വാപ്പ മജീദ് മുംബൈയിൽ ബിസിനസ് തുടങ്ങിയതും കുടുംബം അങ്ങോട്ട് താമസം മാറിയതും റഫി ഗാനങ്ങളോടുള്ള കമ്പം കൂടാനിടയാക്കി.
ഒന്ന് മുതൽ നാല് വരെ ഗുജറാത്തിൽ അഹമ്മദാബാദിലെ സ്‌കൂളിൽ ആണ് പഠിച്ചത.് 4 മുതൽ 6 വരെ മുബൈ ചെമ്പൂരിലെ സർവോദയ വിദ്യാലയത്തിലും. അതിനു ശേഷം 6 മുതൽ ഹൈസ്‌കൂൾ വരെ പ്രൈവറ്റ് ആയിട്ടാണ് പഠിച്ചിരുന്നത്.

1992 ൽ പന്നിയങ്കര സിംഫണി ഓർക്കസ്ട്രയിലൂടെ പ്രൊഫഷണൽ സിംഗറായി എത്തിയത് വഴിത്തിരിവായി. 92 മുതൽ മനോ, അസ്‌ലം, ഉണ്ണി മേനോൻ, മധു ബാലകൃഷ്ണൻ, ലതിക ടീച്ചർ, മാധുരി അമ്മ, സതീഷ് ബാബു, സുനിൽ കുമാർ, ശ്രീകാന്ത് കൃഷ്ണ, സൗരവ് കിഷൻ, സലീഷ് എന്നിവരോടൊപ്പം പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. ജീവൻ ടി.വിയിൽ പരിപാടികൾ അവതരിപ്പിച്ചു. സിംഫണിയുടെ ഒന്നാം വാർഷിക ദിനത്തിൽ പാടുകയും ചെയ്തു. 2005 ൽ കൊച്ചിയിൽ സംഘടിപ്പിച്ച അഖില കേരള റഫി ഗാനാലാപന മത്സരത്തിൽ വിജയിയായത് പ്രചോദനമായി. 182 പേർ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ അംഗീകാരം. സംഗീത യാത്രയിൽ ലഭിച്ച ഏറ്റവും മഹത്തായ അനുഗ്രഹമെന്നു പറയാവുന്നത് 2017 ൽ മുംബൈയിൽ ഫേസ്ബുക്ക് വഴി റഫി ഫാൻസിന്റെ പ്രോഗ്രാമിൽ പാടാൻ അവസരം ലഭിച്ചതാണ്. ആ സമയത്തു റഫിയുടെ മുംബൈ ബാന്ദ്രയിലെ വീട് സന്ദർശിക്കുകയും മകൾ നസ്രിനെയും കുടുംബങ്ങങ്ങളെയു പരിചയപ്പെടുകയും ചെയ്തു. ജുഹുവിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും സന്ദർശിച്ചാണ് നാട്ടിലേക്ക് തിരിച്ചത്. മെഹബൂബ് കാലിക്കറ്റ് ഇതിനകം ഇരുന്നൂറിലേറെ വേദികളിൽ പാടിയിട്ടുണ്ട്.






