ദമാം - ബിനാമി ബിസിനസ് സ്ഥാപനമാണെന്ന സംശയം ഒഴിവാക്കാന്‍ വിപണി നിയമവുമായി ബന്ധപ്പെട്ട പത്തു മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കുന്നു.
1. വിവരങ്ങളെല്ലാം അപ്‌ഡേറ്റ് ചെയ്ത കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
2 സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം, സ്ഥാപനത്തിന്റെ ബിസിനസ് ഇടപാടുകള്‍ക്ക് വ്യക്തിപരമായ അക്കൗണ്ടുകള്‍ ഉപയോഗിക്കരുത്.
3. ലൈസന്‍സ് പുതുക്കുകയും ലൈസന്‍സുമായി ബന്ധപ്പെട്ട വിലാസം അപ്‌ഡേറ്റ് ചെയ്യുകയും വേണം.
4യ വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം, ജീവനക്കാരുടെ വേതന വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
5. മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ കരാറുകള്‍ ഡിജിറ്റലൈസ് ചെയ്യണം, നിയമ ലംഘകരെ ജോലിക്കു വെക്കരുത്.
6. മുഴുവന്‍ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്തണം,സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം.
7. സ്ഥാപന നടത്തിപ്പ് ചുമതല സ്വതന്ത്രമായി വഹിക്കാന്‍ ഇടയാക്കുന്ന തരത്തില്‍ സീലുകളും ചെക്ക് ബുക്കുകളും മറ്റും വിദേശിക്ക് നല്‍കരുത്.
8. ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തണം, ഇന്‍വോയ്‌സുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ ഇഷ്യു ചെയ്യുകയും സൂക്ഷിക്കുകയും വേണം.
9. വായ്പകള്‍ നിയമാനുസൃത മാര്‍ഗങ്ങളിലായിരിക്കണം. വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
10. സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.
വിപണി നിയമങ്ങള്‍ പാലിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ബിനാമി സംശയത്തില്‍ നിന്ന് ഒഴിവാക്കുമെന്നും വളര്‍ച്ചക്കും പ്രവര്‍ത്തനം വിപുലീകരിക്കാനുമുള്ള അവസരം ലഭ്യമാക്കുമെന്നും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം വ്യക്തമാക്കി.
ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിരവധി ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇരുപതു സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിച്ച് ഡാറ്റ അനലിസിസിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സൂചനകളുടെ അടിസ്ഥാനത്തിലാണ് ബിനാമി ബിസിനസ് പ്രവണത വ്യാപകമാണെന്ന് സംശയിക്കുന്ന മേഖലകളില്‍ പരിശോധനകള്‍ നടത്തുന്നത്.
സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, ടെക്‌സ്റ്റൈല്‍സുകള്‍, ഫര്‍ണിച്ചര്‍ സ്ഥാപനങ്ങള്‍, റെഡിമെയ്ഡ് കടകള്‍, കോസ്‌മെറ്റിക്‌സ് കടകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡുകള്‍ നടത്തുന്നത്.
ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിന് ഇരുപതു സര്‍ക്കാര്‍ വകുപ്പുകളെ പരസ്പരം ബന്ധിപ്പിക്കുകയും ബിനാമി ബിസിനസുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന 120 ലേറെ സൂചനകള്‍ നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.
ഇലക്‌ട്രോണിക് റീഡിംഗിനും ഡാറ്റ അനലിസിസിനും ശേഷം നിയമ ലംഘനം സംശയിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയാണ് ചെയ്യുന്നത്. സമീപ കാലത്ത് നിലവില്‍വന്ന പുതിയ നിയമം അനുസരിച്ച് ബിനാമി ബിസിനസുകള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സ്വദേശികള്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് ബിസിനസ് മേഖലയില്‍ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും പുതിയ നിയമം അനുശാസിക്കുന്നു.
കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും.