റിയാദ്- കാലാവധി കഴിഞ്ഞ സന്ദർശക വിസ പുതുക്കാൻ കുറുക്കുവഴികൾ തേടി ദുരിതത്തിലായ കുടുംബത്തെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിച്ചു. മലപ്പുറം ഏലംകുളം സ്വദേശിയായ യുവതിയും കുഞ്ഞുമാണ് മലപ്പുറം ജില്ല കെ.എം.സി.സിയുടെ ഇടപെടലിൽ നാടണഞ്ഞത്.
ഒന്നരവർഷം മുമ്പാണ് യുവതിയും രണ്ട് മക്കളും റിയാദിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്ത് സന്ദർശക വിസയിലെത്തിയത്. ഒരു മാസം മാത്രം കാലാവധിയുള്ള വിസ മൂന്ന് മാസത്തേക്കാണെന്ന് ധരിച്ച് പുതുക്കിയിരുന്നില്ല. മൂന്നുമാസം പൂർത്തിയാവുന്ന വേളയിൽ പുതുക്കാൻ ശ്രമിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ വിവരം അറിഞ്ഞത്. പിന്നീട് വിസ പുതുക്കാൻ പലരെയും സമീപിച്ചെങ്കിലും പണം നഷ്ടപ്പെട്ടതല്ലാതെ നടന്നില്ല. അതിനിടെ തർഹീൽ വഴി എക്സിറ്റിന് ശ്രമിച്ചതും വിജയിക്കാതെ പോയി.
യുവതിയും കുട്ടികളും ദുരിതത്തിലായ വിവരം അറിഞ്ഞയുടനെ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് കുടുംബവുമായി പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ വിസ പുതുക്കിത്തരാമെന്ന് ചില കോണുകളിൽ നിന്ന് ലഭിച്ച വാഗ്ദാനത്താൽ ഭർത്താവ് വിഷയത്തിൽ താൽപര്യം കാണിച്ചില്ല. നാൾക്ക് നാൾ നിയമപ്രശ്നങ്ങൾ സങ്കീർണമായതോടെ സേഫ് വേ സാന്ത്വനം വാട്സാപ് ഗ്രൂപ്പ് പ്രശ്നത്തിൽ ഇടപെട്ട് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തി. ഇതിനിടെ മറ്റൊരു ഗ്രൂപ്പായ പാപ്പാ ഗ്രൂപ്പ് ഇടപെട്ട് രണ്ടു പെൺകുട്ടികളെ നാട്ടിലേക്ക് അയച്ചു. യുവതിക്ക് അപ്പോഴും പോകാനായില്ല.
കേസിന്റെ ഗൗരവം മനസ്സിലാക്കിയ കെ.എം.സി.സി പ്രവർത്തകർ നിയമപരമായി വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അന്ന് തന്നെ കുടുംബത്തെ നേരിട്ടറിയിച്ചിരുന്നു. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താമായിരുന്നുവെങ്കിലും സന്ദർശക വിസ നിയമവിരുദ്ധമായി പുതുക്കാൻ ശ്രമിച്ചതാണ് വിനയായത്. ജവാസാത്ത് സിസ്റ്റത്തിൽ കാലാവധി മാറാതെ സ്റ്റാറ്റസ് മാത്രമാണ് മാറിയിരുന്നത് എന്ന കാരണത്താൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനായില്ല. ഏഴു മാസം ഗർഭിണിയായ യുവതിയെ ദമാം തർഹീൽ വഴി നാട്ടിലയക്കാമെന്ന് ചിലർ വിശ്വസിപ്പിച്ച് ദമാമിലേക്ക് കൊണ്ടുപോയി. പക്ഷേ രേഖകളിലെ കൃത്രിമം കാരണം നാട്ടിലേക്ക് പോകാനാവാതെ പ്രസവ ശേഷം റിയാദിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.
വിസ പുതുക്കാൻ ശ്രമിച്ച കേസ് മക്ക തർഹീലിലായിരുന്നു ഫയൽ ചെയ്തിരുന്നത്. അത് പ്രകാരം കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ മക്ക തർഹീലിൽ പോയി ജയിൽ ശിക്ഷ ഒഴിവാക്കി പെനാൽറ്റി അടച്ച് പോകാനാവുമെന്ന് ഉറപ്പ് വരുത്തി. ശേഷം 15,000 റിയാലിന്റെ ഡിമാന്റ് ഡ്രാഫ്റ്റെടുത്ത് വീണ്ടും മക്ക തർഹീലിൽ ചെന്ന് മുതിർന്ന ഉദ്യോഗസ്ഥരുമായി കുടുംബത്തിന്റെ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി മറ്റെല്ലാ കേസുകളും നീക്കി ക്ലിയറൻസ് ലെറ്ററുമായി ജിദ്ദ റിഹാബ് ജവാസാത്തിൽ പോകുകയായിരുന്നു.
ഭർത്താവിന്റെ പേരിലുള്ള നാലു കേസുകൾ ഭാര്യയുടെ പാസ്പോർട്ടിൽ കൂടി ബന്ധപ്പെടുത്തിയതിനാൽ എക്സിറ്റ് സാധ്യമായില്ല. വീണ്ടും തർഹീലിൽനിന്ന് എല്ലാ കേസുകളും നീക്കിയ ശേഷമാണ് ജവാസാത്ത് ഫീസ് 2400 റിയാൽ അടച്ച് മൂന്ന് മാസത്തേക്ക് കൂടെ വിസ പുതുക്കിയത്. തുടർന്ന് ജിദ്ദ വിമാനത്താവളത്തിലെത്തിയെങ്കിലും എമിഗ്രേഷനിൽ പ്രശ്നമാകുകയും സാമൂഹ്യ പ്രവർത്തകർ എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി നേരിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് കുഞ്ഞിനെയും യുവതിയെയും അയക്കുകയുമായിരുന്നു.
സൗദിയിൽ തന്നെയുള്ള ഭർത്താവിന്റെ പേരിൽ കൃത്രിമ രേഖ ചമക്കൽ ഉൾപ്പെടെയുള്ള കേസുണ്ട്.
വിഷയത്തിൽ യൂസുഫ് പെരിന്തൽമണ്ണയുടെ നേതൃത്വത്തിൽ സേഫ് വേ സാന്ത്വനം ഗ്രൂപ്പ് എക്സിക്യൂട്ടിവും കെഎംസിസി പ്രവർത്തകരും ഹർഷദ് ഫാറൂഖ്, സമദ്, ഇബ്രാഹിം, കുഞ്ഞായി, മുഹമ്മദ് അലി പെരിന്തൽമണ്ണ, സക്കീർ മണ്ണാർമല, മുഹമ്മദ് അലി അമ്പലപ്പാറ, അബു ബക്കർ നെല്ലിക്കുഴി എന്നിവരും സഹായിച്ചു. ജിദ്ദയിൽ കരീം മഞ്ചേരിയും സഹായത്തിനുണ്ടായിരുന്നു.
സാമ്പത്തികമായി എത്ര നഷ്ടം സംഭവിച്ചാലും നിയമപരമായി തന്നെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യണമെന്നും രാജ്യത്തിന്റെ നിയമം പാലിക്കണമെന്നും കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിഭാഗം അറിയിച്ചു.