എടവണ്ണ-കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു പരിക്കേറ്റ് ചികില്‍സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. സൗദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന എടവണ്ണ കുണ്ടുതോട് കടവത്ത് സിദ്ദീഖിന്റെ മകന്‍ ജംഷീര്‍ (34) ആണ് മരിച്ചത്. കഴിഞ്ഞ 28ന് പുലര്‍ച്ചെ രണ്ടു മണിയോടെ നിലമ്പൂര്‍ വെളിയംതോടു വെച്ച് ജംഷീര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുയായിരുന്നു. റോഡരികില്‍ അവശനിലയില്‍ കിടന്ന ജംഷീറിനെ അതുവഴി വന്ന കാറിലെ യാത്രക്കാരാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.സാരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിക്കുന്ന സി.സി.ടി.വിദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.സൗദിയിലെ ദമാമില്‍ കട നടത്തി വരികയായിരുന്ന ജംഷീര്‍ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.ഭാര്യ: ജസ്‌ന (ചാത്തല്ലൂര്‍).മകള്‍:ഫൈഹ മെഹറിന്‍. മാതാവ്: ഹലീമ (കിഴിശ്ശേരി). സഹോദരങ്ങള്‍: മുസ്തഫ, അയ്യൂബ്(സൗദി), അനസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ കുണ്ടുതോട് സുന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.






