റിയാദ് - സൗദി അറേബ്യയിലെ രാജഭരണ സംവിധാനം മാറ്റി മറ്റൊരു ഭരണ സംവിധാനമാക്കാൻ തനിക്ക് കഴിയില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 300 വർഷമായി നിലവിലുള്ള രാജഭരണ സംവിധാനമാണ് രാജ്യത്തെത്. രാജകുടുംബത്തിൽ അയ്യായിരത്തിലേറെ അംഗങ്ങളുണ്ട്. രാജാധികാരവുമായി ബന്ധപ്പെട്ട താൽപര്യങ്ങൾ സംരക്ഷിക്കാൻ പിന്തുടർച്ചാവകാശ സമിതിയാണ് തന്നെ കിരീടാവകാശിയായി തെരഞ്ഞെടുത്തത്. ഇതിൽ മാറ്റം വരുത്തുന്നത് രാജകുടുംബാംഗങ്ങളോടും ഗോത്രങ്ങളോടുമുള്ള വഞ്ചനയാണ്. ഈ ഘടകങ്ങളെല്ലാമാണ് സൗദിയിൽ മാറ്റങ്ങൾക്ക് സഹായിക്കുന്നത്. മാറ്റങ്ങൾ മന്ദഗതിയിലാക്കാൻ അവർ കാരണക്കാരാകില്ല. കൂടുതൽ പരിഷ്‌കരണങ്ങൾ നടപ്പാക്കാൻ അവരാണ് തന്നെ സഹായിക്കുന്നത്.
ഇറാനുമായി ആഗോള സമൂഹം ദുർബലമായ ആണവ കരാർ ഒപ്പുവെക്കുന്നത് സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ നാലു മാസത്തിനിടെ ഇറാനുമായി സൗദി അറേബ്യ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇറാൻ സൗദി അറേബ്യയുടെ അയൽ രാജ്യമാണ്. ഇറാനികളെ ഉന്മൂലനം ചെയ്യാൻ സൗദി അറേബ്യക്കോ സൗദികളെ ഉന്മൂലനം ചെയ്യാൻ ഇറാനോ സാധിക്കില്ല. സഹവർത്തിത്വത്തിനുള്ള മാർഗങ്ങൾ കണ്ടെത്തലും പ്രശ്‌നങ്ങൾ പരിഹരിക്കലുമാണ് ഏറ്റവും നല്ലതെന്നും കിരീടാവകാശി പറഞ്ഞു. (പരിഭാഷ- ബഷീര്‍ ചുള്ളിയോട്)