റിയാദ്- ലോകത്ത് ഇത്രയും തീവ്രവാദം സൃഷ്ടിക്കുന്നതിൽ മുസ്ലിം ബ്രദർഹുഡ് വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ മാസികയായ അറ്റ്ലാന്റിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. ആളുകളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്ന പാലം പോലെയാണ് ചില ബ്രദർഹുഡുകാർ പ്രവർത്തിക്കുന്നത്. അവരുമായി സംസാരിക്കുമ്പോൾ അവർ തീവ്രവാദികളാണെന്ന് തോന്നില്ല. എന്നാൽ അവർ ആളുകളെ തീവ്രവാദത്തിലേക്ക് നയിക്കും. ഉസാമ ബിൻ ലാദിനും അയ്മൻ അൽസവാഹിരിയും ബ്രദർഹുഡ് ഉൽപന്നനങ്ങളായിരുന്നു. ഐ.എസ് നേതാവ് ബ്രദർഹുഡുകാരനായിരുന്നു. മുൻ ദശകങ്ങളിൽ തീവ്രവാദ നിർമിതിയിൽ മുസ്ലിം ബ്രദർഹുഡ് ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്.
ബ്രദർഹുഡുകാർ മാത്രമല്ല, മറ്റു കാര്യങ്ങളും സംഭവങ്ങളും ലോകത്ത് തീവ്രവാദം ശക്തിപ്രാപിക്കാൻ കാരണമായിട്ടുണ്ട്. ഇറാഖിനെതിരായ അമേരിക്കൻ യുദ്ധം തീവ്രവാദികൾക്ക് അവസരം നൽകി. 1979 ലെ ഇറാൻ വിപ്ലവത്തിനും മക്കയിലെ വിശുദ്ധ ഹറം പിടിച്ചടക്കാനുള്ള ശ്രമത്തിനും ശേഷം സൗദിയിൽ ബ്രദർഹുഡുകാരല്ലാത്ത ചില തീവ്രവാദികളും തീവ്രവാദം പ്രചരിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു.