റിയാദ് - സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആർക്കും കഴിയില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അമേരിക്കൻ മാസികയായ അറ്റ്‌ലാന്റിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ല. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സംരക്ഷിക്കാനുമാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ സംസ്‌കാരം സൗദി അറേബ്യ അംഗീകരിക്കുന്നു. അമേരിക്കക്കാർ ചിന്തിക്കുന്ന രീതികളും അംഗീകരിക്കുന്നു. അമേരിക്കയിലുള്ള എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു. ഇതേ രീതിയിൽ അമേരിക്കക്കാർ സൗദി അറേബ്യയെയും കാണണമെന്നാണ് ആഗ്രഹിക്കുന്നത്. അമേരിക്കക്കാർ വിശ്വസിക്കുന്ന പല വിഷയങ്ങളിലും ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ട്. എങ്കിലും അവയെ സൗദി അറേബ്യ മാനിക്കുന്നു.
അമേരിക്കക്കാരെ ഉപദേശിച്ച് നന്നാക്കാൻ സൗദി അറേബ്യക്ക് അവകാശമില്ല. ഇതേ കാര്യം സൗദി അറേബ്യയുടെ കാര്യത്തിലും ബാധകമാണ്. സാമൂഹിക തലത്തിൽ ഇനിയും സൗദി അറേബ്യക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും അടിസ്ഥാനനത്തിലുള്ള മാറ്റങ്ങൾ സൗദി അറേബ്യ തെരഞ്ഞെടുക്കുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു.