ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച: മൂന്നു സംഘങ്ങൾ അറസ്റ്റിൽ

ജിദ്ദ - വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തിയ മൂന്നു സംഘങ്ങളെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി കത്തി ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്ന മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയതു. സൗദി യുവാക്കളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. 
കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ചകൾ നടത്തി നാലു സൗദി യുവാക്കളാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കൻ പ്രവിശ്യ പോലീസും അറിയിച്ചു. 
അൽജൗഫ് പ്രവിശ്യയിൽ പെട്ട ഖുറയ്യാത്തിൽ രണ്ടു വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച മറ്റൊരു മൂന്നംഗ സംഘവും അറസ്റ്റിലായി. പ്രതികളെല്ലാവരും സൗദി യുവാക്കളാണ്. തോക്കു ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് സംഘം വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണവും വിലപിടിച്ച വസ്തുക്കളും കവർന്നത്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അൽജൗഫ് പോലീസ് അറിയിച്ചു.

Latest News