Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉക്രൈന് എതിരായ യുദ്ധത്തിൽ 498 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ

കീവ്/മോസ്‌കോ- ഉക്രൈന് എതിരായ അധിനിവേശത്തിൽ ഇതേവരെ 498 സൈനികർ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്ഥിരീകരണം. റഷ്യയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 1597 പേർക്ക് മാരകമായി പരിക്കേറ്റു. ഇതാദ്യമായാണ് മരിച്ചവരുടെ എണ്ണം റഷ്യ ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാൽ ആറായിരത്തിലേറെ റഷ്യൻ സൈനികരെ വധിച്ചുവെന്ന് ഉക്രൈൻ അവകാശപ്പെടുന്നു. ഉക്രൈന്റെ 2870 സൈനികരെ കൊലപ്പെടുത്തി എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 3700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ഉക്രൈൻ നഗരങ്ങളെ അധീനപ്പെടുത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. പ്രധാന നഗരമായ ഖാർകിവ് അടക്കം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് റഷ്യയുടെ അവകാശവാദം. ഈ മേഖലയിൽ ശക്തമായ ഷെല്ലാക്രമണം തുടരുകയാണ്. ഉക്രൈനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ് ഖാർകിവ്. കരിങ്കടലിന് സമീപത്തെ നഗരമായ ഖെറോസനും കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടു. എന്നാൽ, അവകാശവാദം തെറ്റാണെന്നും നഗരം ഇപ്പോഴും തങ്ങളുടെ അധീനതയിലാണെന്നും ഖെറോസനിലെ മേയർ അറിയിച്ചു. അസോവിലെ തന്ത്രപ്രധാന തുറമുഖമായ മരിയപോൾ വളഞ്ഞുവെന്നും റഷ്യ അവകാശപ്പെടുന്നു. കീവിലും റഷ്യയുടെ ആക്രമണം തുടരുന്നു. 
കീവിലെ ബാബിയാറിലുള്ള ടെലിവിഷൻ ടവറിലേക്ക് നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഉക്രൈന്റെ തടവിലായ റഷ്യൻ സൈനികരെ കൂട്ടിക്കൊണ്ടുപോകാൻ ഉക്രൈൻ പ്രതിരോധമന്ത്രി സൈനികരുടെ മാതാക്കളെ ക്ഷണിച്ചു. 
തങ്ങളുടെ ചരിത്രത്തെയും രാജ്യത്തെയും മുഴുവൻ ഉക്രൈനികളെയും തുടച്ചുനീക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലൻസ്‌കി പറഞ്ഞു. റഷ്യൻ അധിനിവേശം തുടങ്ങിയ ശേഷം 836,000 പേരാണ് ഉക്രൈനിൽ പലായനം ചെയ്തത്. അതിനിടെ, റഷ്യയെ സഹായിക്കുന്ന ബെലാറസിന്റെ 22 മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. യുദ്ധം തുടരുന്നതിനിടെ എണ്ണവില ബാരലിന് 113 ഡോളറായി. യൂറോപിൽ പാചക വാതക വിലയും കുതിച്ചുകയറി.
 

Latest News