റിഫയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ദുബായ്- കറാമയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ യു ട്യൂബ് വ്‌ളോഗറും ആല്‍ബം താരവുമായ റിഫാ മെഹ്നാസിന്റെ (21) മൃതദേഹം രാത്രി നാട്ടിലേക്ക് കൊണ്ടുപോയി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വൈകിട്ടോടെ മുഹൈസിന മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്കു കൊണ്ടുപോയി എംബാം ചെയ്തു. കോഴിക്കോട് ബാലുശ്ശേരി കാക്കൂര്‍ സ്വദേശിനിയായ റിഫയെ ഇന്നലെ പുലര്‍ച്ചെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞമാസം ദുബായിലെത്തിയ യുവതി ഭര്‍ത്താവ് കാസര്‍കോട് നീലേശ്വരം സ്വദേശി മെഹ്നാസിനോടൊപ്പമായിരുന്നു താമസം. ഫാഷന്‍, ഭക്ഷണം, യാത്ര തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ ചെയ്തിരുന്ന റിഫയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.

തിങ്കളാഴ്ച രാത്രി വരെ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന റിഫയുടെ മരണം യു.എ.ഇയിലെയും നാട്ടിലേയും ബന്ധുക്കളെയും സുഹൃത്തുക്കളേയും ഞെട്ടിച്ചു. റാഷിദ്-ഷെറീന ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.

 

 

Latest News