കണ്ണൂര്‍- വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയായ ഇരുപത്തി രണ്ടുകാരിയെ മംഗലാപുരത്തെ ലോഡ്ജിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ ബലാത്സംഗത്തിന് കേസ്. യുവാവ് വാഗ്ദാനത്തില്‍നിന്നും പിന്‍മാറിയതോടെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മയ്യില്‍ ഏരത്ത് പാലം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരാതിയില്‍ മയ്യില്‍ പള്ളിമുക്ക് സ്വദേശിയായ സാജിദിന്റെ (28) പേരിലാണ് മയ്യില്‍ പോലീസ് കേസെടുത്തത്. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മയ്യില്‍ പോലീസ് ബലാത്സംഗത്തിനാണ് കേസെടുത്തത്. 2017 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. മംഗലാപുരത്ത് ലാബ് ടെക്‌നീഷന്‍ പഠനം നടത്തുന്നതിനിടെയും ഇത് തുടര്‍ന്നു. പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.