ബിഗ് ബോസ് കൊഴുപ്പിക്കാന്‍  ഗായത്രി സുരേഷും? 

കൊടുങ്ങല്ലൂര്‍- നടി ഗായത്രി സുരേഷിനെ ഓര്‍മയില്ലേ... കൊച്ചിയില്‍ അപകടമുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ക്ക് സെലിബ്രിറ്റിയെ ലഭിച്ച സന്തോഷമായിരുന്നുവെന്നൊക്കെ പറഞ്ഞ യുവതാരം. അതു കഴിഞ്ഞ്  ട്രോളുകളും കമന്റുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ ഇടപെട്ട് തടയണമെന്ന് അഭ്യര്‍ഥിച്ച നടി. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ കല്യാണം കഴിക്കാനാണ് ഇഷ്ടമെന്ന് തുറന്നു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പൂച്ചെണ്ടുകള്‍ വാരിക്കൂട്ടിയ സുന്ദരി. ഇതൊന്നുമല്ല ലേറ്റസ്റ്റ് വിശേഷം -ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കുന്ന ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഗായത്രി സുരേഷ് മത്സരാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. ജമ്‌നപ്യാരി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മാര്‍ച്ച് അവസാന വാരത്തോടെ ബിഗ് ബോസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 4. പുതിയ സീസണിന്റെ ലോഗോ ഏഷ്യാനെറ്റ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു.ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. ഗായത്രി വരുന്നതോടെ ട്രോളന്മാര്‍ക്കും നല്ല സദ്യയായിരിക്കും തീര്‍ച്ച. 
 

Latest News