തിരുവനന്തപുരം- ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തി. അപകടത്തില്‍ ബൈക്കിന് തീപിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു.
അയിലം സ്വദേശി അച്ചുവാണ് തത്ക്ഷണം മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ് അച്ചു. കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും ചരക്കുലോറിയുടെ മുന്‍ഭാഗത്തിനും തീപിടിച്ചു. അപകടത്തില്‍പ്പെട്ട ബൈക്കും കാര്‍ഗോ കയറ്റി വന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. എതിര്‍ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത് വന്ന വാഹനം ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയില്‍ കുടുങ്ങി. തുടര്‍ന്ന് ബൈക്കിന് ആദ്യം തീപിടിക്കുകയും പിന്നീട് ലോറിയിലേക്ക് ആളിപ്പടരുകയുമായിരുന്നു.