ലാഹോര്‍- പാക്കിസ്ഥാനിലെ ലാഹോറില്‍ 19 വയസ്സായ നര്‍ത്തകിയെ വെടിവെച്ചുകൊന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ ഇത് രണ്ടാമത്തെ സംഭവമാണ്.
പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍നിന്ന് 180 കി.മീ അകലെ ഫൈസലാബാദ് പട്ടണത്തില്‍ തിയേറ്ററിലേക്ക് പോകുമ്പോഴാണ് സ്റ്റേജ് ഡാന്‍സറായ ആയിശയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ ആരേയും സംശയിക്കുന്നതായി പറഞ്ഞിട്ടില്ലെന്ന് പോലീസ് വെളിപ്പെടുത്തി. ദുരഭിമാന കൊലയാണോ തുടങ്ങി എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
വിവാഹ മോചിതയായ ആയിശ ഫൈസലാബാദില്തന്നെ മറ്റൊരു യുവാവുമായി പുതിയ ബന്ധം സ്ഥാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാളേയും മുന്‍ ഭര്‍ത്താവിനേയും കുടുംബാംഗങ്ങളേയും ചോദ്യം ചെയ്യുമെന്നും കൊലയാളികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം റാവല്‍പിണ്ടി പട്ടണത്തില്‍ ഒരു നര്ത്തകിക്കുനോരെ ഒരാള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരു പുരുഷ ഡാന്‍സര്‍ കൊല്ലപ്പെട്ടിരുന്നു. നൃത്തം നടന്നുകൊണ്ടിരിക്കെയാണ് മദ്യപിച്ച ഒരാള്‍ മെഹക് നൂര്‍ എന്ന നര്ത്തകിക്കുനേരെ നിറയൊഴിച്ചത്. നൂര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും ഡാന്‍സില്‍ പങ്കെടുത്തിരുന്ന നവീദ് സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.