ഭോപാൽ- ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ 120 ദിവസങ്ങൾക്കിടെ 62 സ്ത്രീകൾ കൂട്ടബലാൽസംഗത്തിനിരയാകുകയും 43 സ്ത്രീകൾ കൊല്ലപ്പെടുകയും 10 പേരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്തതായി റിപ്പോർട്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന ഈ കണക്കുകൾ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയാണ് അവതരിപ്പിച്ചത്. 12 വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്ന പുതിയ നിയമം കൊണ്ടു വന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം നിർബാധം തുടരുകയാണെന്ന് ഈ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2017 നവംബറിനും ഈ വർഷം ഫെബ്രുവരി 15നുമിടയിൽ പ്രായപൂർത്തിയാകാത്ത 33 പെൺകുട്ടികളാണ് കൂട്ടബലാൽസംഗത്തിനിരയായത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡോ. ഗോവിന്ദ് സിങ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഈ കണക്കുകൾ സഭയിൽ അവതരിപ്പിച്ചത്. രത്ലാം, ധർ, ഹർദ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഖർഗോൺ ജില്ലയിൽ അഞ്ച് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ബെത്തൂൽ, റായ്സെൻ ജില്ലകളിൽ നാലു വീതം സ്ത്രീകളും കൊല്ലപ്പെട്ടു. സ്ത്രീകളെ ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവങ്ങളിലേറെയും റിപ്പോർട്ട് ചെയ്തിട്ടുള്ളത് തലസ്ഥാനമായ ഭോപാലിനടുത്ത ഹൊസംഗാബാദ് ജില്ലയിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയായ സെഹോറിലുമാണ്.
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പ്രകാരം 2017ൽ 5,300 ബലാൽസംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തേക്കാൾ 8.5 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.






