എസ്.ഐയെ കടിച്ചു, പോലീസുകാരനെ ചവിട്ടി; പ്രതി അറസ്റ്റില്‍

പത്തനംതിട്ട- ഭാര്യയെയും മകളെയും മര്‍ദ്ദിച്ച പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ആറന്മുള ഇടശ്ശേരിമല കുളമാപ്പുഴി പാപ്പാട്ടുതറ വീട്ടില്‍ ജിജിക്കുട്ടന്‍ (ഉല്ലാസ്-39) ആണ് പിടിയിലായത്. ഇയാള്‍ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ്.ഐ രാജീവും സംഘവും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പോലീസിന് നേരേ തിരിയുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ എസ്.ഐ രാജീവിന്റെ ഇടതു കൈപ്പത്തി കടിച്ചു പരിക്കേല്‍പ്പിച്ചു. തടയാന്‍ തുനിഞ്ഞ സി.പി.ഒ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി ബലമായി പിടിച്ചു തിരിച്ചതിനെ തുടര്‍ന്ന് ചെറുവിരലിന്റെ അസ്ഥിക്കു പൊട്ടലുണ്ടായി. സി.പി.ഒ വിഷ്ണുവിന് ചവിട്ടേറ്റു. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവിന്റെ നിര്‍ദേശത്തെതുടര്‍ന്ന്  സ്ഥലത്ത് എത്തിയ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ കീഴടക്കിയത്.
വീട്ടില്‍  ഭാര്യയുമായി  നിരന്തരം വഴക്കിടുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്ന ഇയാള്‍ക്കെതിരെ ഭാര്യയെയും മകളെയും മര്‍ദ്ദിച്ചതിന് വേറെ കേസ് എടുത്തു. ഭാര്യ മര്‍ദ്ദിച്ച് അവശയാക്കുകയും, വെട്ടുകത്തിയുടെ പിടികൊണ്ട് തലക്ക് പിന്നില്‍ ഇടിക്കുയും ചെയ്ത പ്രതിയെ മകള്‍ തടഞ്ഞപ്പോള്‍ വെട്ടുകത്തിയുടെ പിടി ഉപയോഗിച്ച് ചുണ്ടില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറെ കൂടാതെ എസ്.ഐ മാരായ രാജീവ്, അനിരുദ്ധന്‍, സിദ്ധീക്, സി.പി ഒമാരായ അജിത്, അഖില്‍, തിലകന്‍, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.

 

Latest News