നെടുമ്പാശ്ശേരി- ഓപ്പറേഷന് ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നും കൊണ്ടുവന്ന 47 മലയാളി വിദ്യാര്‍ത്ഥികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈ, ദല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ നിന്നായി ഇന്‍ഡിഗോ എയര്‍ലെന്‍സിന്റെ നാല് വിമാനങ്ങളിലായിട്ടാണ് ഇവരെ കൊണ്ടുവന്നത്. ഉച്ചക്ക് 1.15 ന് മുംബൈയില്‍നിന്നു വന്ന ആദ്യ വിമാനത്തില്‍ പതിനൊന്ന് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത് . തുടര്‍ന്ന് ദല്‍ഹിയില്‍നിന്നു മൂന്ന് മണിയോടെ എത്തിച്ചേര്‍ന്ന വിമാനത്തില്‍ ഒമ്പത് പേരും നാല് മണിക്ക് എത്തിയ വിമാനത്തില്‍ ഏഴ് പേരുമാണ് എത്തിയത്. രാത്രി 10.45 ന് വന്ന മറ്റൊരു വിമാനത്തില്‍ ഇരുപത് പേരും എത്തിചേര്‍ന്നിട്ടുണ്ട്. ആദ്യ വിമാനത്തില്‍ ബെക്സി, ജ്യോതി ലക്ഷമി , അശ്വതി , ആദിത്യ , അഞ്ചല മരിയ , മെഘന , ഗ്രീഷ്മ റെയ്ച്ചല്‍ , ലക്ഷമി , അക്ഷര രഞ്ചിത്ത് , ദിലീന , കാര്‍ത്തിക വിനോദ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത് .ഇവരെ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ മന്ത്രി പി രാജീവ് , ബെന്നി ബെഹന്നാന് എം പി , എം എല്‍ എ മാരായ അന്‍വര്‍ സാദ്ദത്ത് , റോജി എം ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത് .
ഭക്ഷണവും വെള്ളവുമില്ലാതെ ഉക്രൈ നിലെ ഭൂഗര്‍ഭ അറകളില്‍ കഴിയുന്ന ആയിരങ്ങളുടെ കൊടുംദുരിതത്തിന്റെ കഥകളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത്. അവരെ നാട്ടില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടില്‍ എത്തിയവര്‍ അഭ്യര്‍ഥിച്ചു. ഞങ്ങള്‍ക്ക് അവരെ കണ്ടാല്‍ മാത്രമെ മനസ്വസ്ഥത ഉണ്ടാകുകയുള്ളു.പാസ്പോര്‍ട്ടും വിസയും ശരീരത്തില്‍ കെട്ടിവെച്ച് ഏത് സമയവും തയ്യാറായി നില്‍ക്കണമെന്ന സന്ദേശമാണ് പോരുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ക്ക് ലഭിച്ചത്.ഈ സമയത്ത് എല്ലാം ഷെല്ലുകള്‍ വീഴുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. എപ്പോള്‍ വിളിച്ചാലും പുറത്തിറങ്ങിവരണമെന്നും പറഞ്ഞിരുന്നു. ആ രാത്രി ഞങ്ങള്‍ ഉറങ്ങിയില്ല. രാവിലെ ഇറക്കി കൊണ്ട് പോയപ്പോള്‍ എവിടെക്കാണ് കൊണ്ടു പോകുന്നതെന്നും പറഞ്ഞിരുന്നില്ല . വണ്ടി നിര്‍ത്തിയപ്പോള്‍ തങ്ങള്‍ റൊമാനിയയിലാണന്ന് അറിഞ്ഞത് . അവിടെ നിന്നു ബങ്കറില്‍ കഴിയുന്ന സുഹൃത്തുക്കളുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടു. അവരുടെ മാനസികാവസ്ഥ വേറേയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എപ്പോഴെങ്കിലും രക്ഷിക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കുവാന് ഞങ്ങള്‍ പറഞ്ഞുവെങ്കിലും ഷെല്ലിന്റെ ശബ്ദം മൂലം ഉറങ്ങാന്‍ കഴിയുന്നില്ലന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചതെന്നും നാട്ടിലെത്തിയവര്‍ പറഞ്ഞു.
ലോക്കല്‍ സിറ്റിസണ്‍സിന്റെ പിന്തുണയും സഹായവും മറക്കുവാന്‍ കഴിയില്ല. ആറ് മണിക്കൂര്‍ റോഡ് വഴിയാത്ര ചെയ്താണ് എയര്‍ ഇന്ത്യ വിമാനം വന്നു നിന്ന എയര്‍പോര്‍ട്ടില്‍ എത്തിയത്. ഭക്ഷണവും വെള്ളവും അവിടെ അവശ്യാനുസരണം ലഭിച്ചു. ഷെല്ലുകള്‍ പൊട്ടുന്ന ശബ്ദംപോലും ഇല്ലാതിരുന്ന സുരക്ഷ ഭൂമിയില്‍ എത്തിയതിന്റെ ആശ്വാസം എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണന്നും ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാകില്ലന്നും അറിയിപ്പ് ലഭിച്ചു. ഉക്രൈനിലെ ബങ്കറുകളില്‍ ഭയവിഹ്വലരായി കഴിയുന്ന മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ ഉണ്ട് . ബുക്കോവി നിയ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇവരെ നാട്ടില്‍ എത്തിക്കുവാന്‍ സഹായിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.