സി.പി.എം പുതിയ ആസ്ഥാനത്തിന് മുഖ്യമന്ത്രി ശിലയിട്ടു

തിരുവനന്തപുരം- സി.പി.എമ്മിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തി. എ.കെ.ജി സെന്ററിനു സമീപം പാര്‍ട്ടി വാങ്ങിയ സ്ഥലത്താണ് പുതിയ മന്ദിരം പണിയുന്നത്. നിലവിലുള്ള എ.കെ.ജി പഠന ഗവേഷണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മന്ദിരം പണിയാന്‍ തീരുമാനിച്ചത്.

ആറു നിലകളാണ് നിര്‍മിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ 'ഗ്രീന്‍ ബില്‍ഡിംഗ്' സങ്കല്‍പത്തിലാണ് നിര്‍മാണം. ശിലാസ്ഥാപന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു. പൈലിംഗ് ജോലിയുടെ സ്വിച്ച് ഓണ്‍ പി.ബി അംഗം എം.എ.ബേബി നിര്‍വഹിച്ചു.

കേന്ദ്ര കമ്മിറ്റിയംഗം എ. വിജരാഘവന്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ എ.കെ.ബാലന്‍, കെ.കെ.ശൈലജ, ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, മന്ത്രിമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

 

Latest News