ഇന്ത്യക്കാരെ അയല്‍ രാജ്യങ്ങള്‍വഴി കൊണ്ടുവരാന്‍ ശ്രമം, നാളെ വിമാനങ്ങള്‍ പോകും

ന്യൂദല്‍ഹി- ഉക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ ശ്രമം തുടരുന്നു. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ എയര്‍ഇന്ത്യയുടെ വിമാനങ്ങള്‍ റുമേനിയയിലേക്കും ബുഡാപെസ്റ്റിലേക്കും അയക്കാനാണ് ശ്രമം. വിമാനങ്ങള്‍ ശനിയാഴ്ച പുറപ്പെടുമെന്നാണ് സൂചന.  മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ഉക്രെയ്‌നില്‍ കുടുങ്ങിയത്. ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ മന്ത്രിതല സമിതി യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി. യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമേനിയ എന്നിവിടങ്ങളില്‍ റോഡ് മാര്‍ഗമെത്തിച്ചശേഷം വിമാനമാര്‍ഗം ഇന്ത്യയിലേക്കു കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.
പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റോമേനിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരെയും ജയശങ്കര്‍ ഫോണില്‍ വിളിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഈ രാജ്യങ്ങളിലെത്തി.

 

Latest News