സുഭഗം, സുമധുരം, സുഹൈനയുടെ ഗാനങ്ങൾ

ഖത്തറിലെ കുടുംബ സദസ്സുകളിലെ പ്രിയപ്പെട്ട ഗായികയാണ് സുഹൈന ഇഖ്ബാൽ. ഖത്തറിൽ ജനിച്ചുവളർന്ന സുഹൈന ചെറുതും വലുതുമായ നിരവധി സ്റ്റേജുകളിൽ ഇതിനകം പാടിയിട്ടുണ്ട്. കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഇഖ്ബാൽ ചേറ്റുവയുടെ മകൾ എന്ന നിലക്ക് കുട്ടിക്കാലം മുതലേ എല്ലാ കലാ സാംസ്‌കാരിക വേദികളിലും പിതാവിനൊപ്പം പങ്കെടുക്കാറുണ്ടായിരുന്നു. നാലു വയസ്സുള്ളപ്പോഴാണ് ആദ്യമായൊരു വേദിയിൽ പാടിയത്. പിന്നീട് അതൊരാവേശമായി. ഏത് ചടങ്ങിലും പാടാനുള്ള ആവേശം. ഖത്തറിലെ ഒട്ടുമിക്ക കലാകാരന്മാരും സംഘാടകരും പിതാവിന്റെ സുഹൃത്തുക്കളായതിനാൽ അവസരങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വരികയും വളരെ പെട്ടെന്ന് തന്നെ സുഹൈന ഒരു നല്ല ഗായികയായി വളരുകയും ചെയ്തു.മാപ്പിളപ്പാട്ടും ഒപ്പനയും ലളിതഗാനവുമൊക്കെയായിരുന്നു സുഹൈനയുടെ ഇനങ്ങൾ. നഴ്സറി മുതൽ ഒമ്പതാം ക്ളാസ് വരെ ശാന്തിനികേതൻ സ്‌കൂളിലാണ് പഠിച്ചത്. സ്‌കൂളിൽ നിന്നും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ കൊച്ചുമിടുക്കി ഖത്തറിലെ പ്രഥമ ഇന്റർസ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയതോടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഖത്തറിലെ വിവിധ വേദികളിൽ സജീവമായി വരുന്നതിനിടക്കാണ് ചില സാങ്കേതിക കാരണങ്ങളാൽ പഠനം നാട്ടിലേക്ക് മാറ്റേണ്ടി വന്നത്. കൊടുങ്ങല്ലൂർ ലെമർ പബ്ളിക് സ്‌കൂളിലാണ് സുഹൈന പഠനം തുടർന്നത്. പ്രവാസ ലോകത്തുനിന്നുമെത്തിയ ഈ ഗായികക്ക് വലിയ സ്വീകാര്യതയാണ് അവിടെ ലഭിച്ചത്. ജില്ലാ കലോൽസവങ്ങളിലും സംസ്ഥാന കലോൽസവത്തിലുമൊക്കെ മിന്നുന്ന പ്രകടനങ്ങളിലൂടെ സുഹൈന എല്ലാവരുടെയും മനം കവർന്നു.
ഒപ്പനക്ക് മൂന്ന് കൊല്ലയും തുടർച്ചയായി കിരീടം ചൂടിയ സുഹൈന ദേശ ഭക്തി ഗാനം, മാപ്പിളപ്പാട്ട്, ലളിത ഗാനം എന്നിവയിൽ എ ഗ്രേഡോടെ മികവ് തെളിയിച്ചു. സ്‌കൂളിൽ രണ്ടാം ഭാഷയായി മലയാളം തെരഞ്ഞെടുത്തതും വീട്ടിലെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കുന്നത് പതിവാക്കിയതും കവിതാ രചനയിൽ പരീക്ഷണം നടത്താനും ഈ കലാകാരിയെ സഹായിച്ചു.
സംഗീതം പഠിച്ചിട്ടില്ലാത്ത സുഹൈന നിരന്തരമായി കേട്ടാണ് പാട്ടുകൾ പഠിക്കുന്നത്. വീട്ടിലെ കലാ അന്തരീക്ഷവും പ്രോൽസാഹനങ്ങളും ഒരു ഗായികയെ സൃഷ്ടിക്കുകയായിരുന്നു. മാതാവും പിതാവും സഹോദരങ്ങളുമൊക്കെ അത്യാവശ്യം പാടുമെന്നതും പിതാവ് സജീവമായ കലാകാരനാണെന്നതും സുഹൈനയുടെ വളർച്ചക്ക് പരിസരമൊരുക്കി. എല്ലാവരുമായും സഹകരിക്കുന്ന ഒരു കലാകാരന്റെ മകളെന്ന നിലക്ക് വളരെ പെട്ടെന്നാണ് ഖത്തറിലെ വേദികളിൽ സുഹൈന അംഗീകാരം നേടിയത്.
ഗസലുകളും ഖവാലികളുമൊക്കെ സ്വന്തമായി പഠിച്ചെടുത്ത് അവതരിപ്പിക്കുവാൻ ധൈര്യം കാണിച്ച ഈ കൊച്ചുകലാകാരിയുടെ ഗസൽ പരിപാടിക്ക് ക്യൂമലയാളം പോലുള്ള പല കൂട്ടായ്മകളും വേദിയൊരുക്കിയിട്ടുണ്ട്.


അസഫലി സാമ്പ്രിയക്കലിന്റെ രചനയിൽ ബാഷോയ് അനിയൻ അണിയിച്ചൊരുക്കിയ നീ ഇന്നും വന്നില്ലന്നോ എന്ന സംഗീത ആൽബത്തിനായി സുഹൈന പാടിയ ക്വാറന്റൈൻ വിരഹ ഗാനം കോവിഡ് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. സിനിമയിൽ പാടാനുളള അവസരവും ഒത്തുവന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോവുകയായിരുന്നു.
പത്തിലും പന്ത്രണ്ടിലുമൊക്കെ എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയ ഈ ഗായിക ഡിഗ്രിയോടൊപ്പം എ.സി.സി എ കോഴ്സും ചെയ്യുന്നുണ്ട്. പാട്ടുകളെപ്പോലെ തന്നെ കണക്കുകളുടെ ലോകവും പ്രിയപ്പെട്ടതാണ്. പഠനം പൂർത്തിയാക്കി അക്കൗണ്ട്സ് മേഖലയെ പ്രൊഫഷണായും പാട്ടിനെ പാഷനായും കൊണ്ടുപോകാനാണ് സുഹൈനക്ക് ഇഷ്ടം.
കലാരംഗത്ത് റോൾ മോഡൽ പിതാവ് തന്നെയാണ്. മാതാവ് ഷംഷീജയും സഹോദരന്മാരായ സുഹൈലും സുഹൈമും നൽകുന്ന പിന്തുണയും ചെറുതല്ല. ഖത്തറിലെ സഹൃദയ സദുകളും കുടുംബ വേദികളും നൽകിയ പ്രോൽസാഹനവും പിന്തുണയും എന്നും നന്ദിയോടെ മാത്രമേ ഓർക്കാനാകൂ. 

Latest News