ഒരു പ്രായം ചെന്ന മുത്തശ്ശൻ തന്റെ പേരക്കുട്ടികളെ വിളിച്ചിരുത്തി പറഞ്ഞ ഒരു കഥ പങ്കുവെക്കട്ടെ. സമാനമായ കഥകൾ പലർക്കും അറിയാമായിരിക്കും. ചില കഥകൾ ഇടയ്ക്കൊക്കെ വായിക്കുന്നതും കേൾപ്പിക്കുന്നതും നല്ലതായിരിക്കും.
മുത്തശ്ശൻ പറഞ്ഞ കഥയിങ്ങനെ:
എന്റെ മനസ്സിൽ എന്നും ഒരു യുദ്ധം നടക്കുന്നുണ്ട്. രണ്ട് ചെന്നായകൾ തമ്മിലാണ് ആ പോരാട്ടം. ഇതിൽ ഒന്നാമത്തെ ചെന്നായ ഭയം, ദേഷ്യം അസൂയ, ദുഃഖം, സങ്കടം, അത്യാഗ്രഹം വാശി, ആത്മ നിന്ദ, പാപം നീരസം അപകർഷതാബോധം, കളവ് അനാവശ്യമായ അഹന്ത എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. രണ്ടാമത്തെ ചെന്നായയാവട്ടെ, ആനന്ദം, സമാധാനം, പ്രതീക്ഷ കാരുണ്യം, ശാന്തത, വിനയം, ഗുണകാംക്ഷ, സൗഹൃദം, പരാനുഭൂതി, സത്യസന്ധത തുടങ്ങിയവയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവർ പരസ്പരം നിരന്തര യുദ്ധത്തിലാണ്.
സർവ തിന്മകളെയും കുറിക്കുന്ന ഒന്നാമത്തെ ചെന്നായയെ നമുക്ക് ഇസ്സി എന്നും സർവ നന്മകളെ കുറിക്കുന്ന രണ്ടാമത്തെ ചെന്നായയെ നമുക്ക് പിപ്പിയെന്നും വിളിക്കാം.
കഥ തുടരവേ കുട്ടികളിൽ ഒരാൾ ചോദിച്ചു, 'ആരായിരിക്കും മുത്തശ്ശാ ഇതിൽ ഏത് ചെന്നായയാണ് ജയിക്കുക?' മുത്തശ്ശൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ആരെയാണോ നാം കൂടുതൽ ഊട്ടി വളർത്തുന്നത്, അത് തന്നെ!
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ സമാനമായ യുദ്ധം നിത്യേന അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. നാം ഇസ്സിയെയാണ് പാലൂട്ടി ലാളിച്ച് വളർത്തുന്നതെങ്കിൽ നമ്മുടെ ചിന്തയിലും വാക്കിലും കർമങ്ങളിലും നിഴലിക്കുന്നത് കടുത്ത തിന്മകളായിരിക്കും. പിപ്പിയെയാണ് ലാളിച്ചു പോറ്റുന്നതെങ്കിൽ നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും നന്മകൾ പ്രസരിപ്പിക്കുമെന്നർത്ഥം.
സ്വയം നന്നാവാൻ, നവീകരിക്കാൻ പരിശ്രമിക്കുന്നവർക്ക് ഈ കഥ ചെറുതല്ലാത്ത തരത്തിൽ ഉപകരിക്കും.
അനാവശ്യമായ ചിന്തകളും നികൃഷ്ട വാക്കും നീചവൃത്തികളും നിരന്തരം മലീമസമാക്കിക്കൊണ്ടിരിക്കുന്ന ജീവിതത്തെ പുതുക്കിപ്പണിയാൻ ഈ കഥയിലെ ലഘു സമവാക്യം ഓർക്കുക. പിപ്പിയെ ഊട്ടുന്നവൻ നന്മകളിൽ മുന്നേറും. ഓരോ കാര്യം ചെയ്യുമ്പോഴും വെറുതെ ഒന്നോർക്കുക.
ഇപ്പോൾ ഞാൻ ഇസ്സിയെയാണോ പിപ്പിയെയാണോ വളർത്തുന്നത്?
തന്നെത്താൻ ശരീരേന്ദ്രിയ മനസ്സുകള ജയിച്ചാൽ തനിക്ക് താൻ തന്നെ ബന്ധു. അങ്ങനെ തന്നെത്താൻ ജയിക്കാഞ്ഞാലോ തനിക്ക് താൻ തന്നെ ശത്രുവായിത്തീരും എന്ന കാര്യം മറക്കാതിരിക്കാം.






