ന്യൂദല്‍ഹി- റഷ്യ-ഉക്രൈന് യുദ്ധം കണക്കിലെടുത്ത് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള നടപടികളുമായി വിദേശ കാര്യ മന്ത്രാലയം. ഉക്രൈന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, റൊമാനിയ, സ്ലോവാക്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍നിന്ന് ഉദ്യോഗസ്ഥരെ അയക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ഉക്രൈയിനിലെ സുരക്ഷിതമായ സ്കൂളിലേക്ക് മാറ്റിയിരിക്കയാണ്.
നാലായിരം ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉക്രൈനില്‍നിന്ന് മടങ്ങിയതെന്ന വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി ശ്രിംഗള പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ ഉക്രൈനിലുളള ഇന്ത്യക്കാരുടെ രജിസ്ട്രേഷന് ആരംഭിച്ചിരുന്നു. 20,000 ഇന്ത്യക്കാരുണ്ടെന്നാണ് കണ്ടെത്തിയത്. വിദേശ മന്ത്രാലയത്തിന്റെ കണ്ട്രോള് റൂമില്‍ 980 കോളുകളും 850 ഇമെയിലുകളും ലഭിച്ചതായും അദ്ദേഹം പറഞ്ഞു.







