നമ്പർ മറന്നവർക്കും ഇ-ആധാർ ഡൗൺലോഡ് ചെയ്യാം

ഇന്ത്യയിൽ തിരിച്ചറിയലിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഐഡന്റിറ്റി പ്രൂഫുകളിൽ ഒന്നായി മാറിയിരിക്കയാണ് ആധാർ. രാജ്യത്ത് അംഗീകരിക്കപ്പെടുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന തിരിച്ചറിയൽ രേഖകളിൽ ആധാറും ഉൾപ്പെടുന്നു.  പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ പുതിയ സിം കാർഡ് എടുക്കുന്നതിനോ കോവിഡ് 19 വാക്‌സിനേഷനും ടെസ്റ്റുകൾക്കും പോലും ആധാർ കാർഡ് ഹാജരാക്കേണ്ടതുണ്ട്.
ആധാർ നമ്പർ അല്ലെങ്കിൽ യുഐഡി എന്ന് വിളിക്കുന്ന 12 അക്ക നമ്പർ അടങ്ങിയിരിക്കുന്നതാണ് ആധാർ കാർഡ്. സ്മാർട്ട് ഫോണിലേക്ക്  ഇ ആധാർ ഡൗൺലോഡ് ചെയ്യണമെങ്കിൽ ഈ നമ്പർ ഓർത്തിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇ ആധാർ ഡൗൺലോഡ് ചെയ്യാനുള്ള മറ്റൊരു മാർഗമാണ് എൻറോൾമെന്റ് ഐഡി. എൻറോൾമെന്റ് പ്രക്രിയയിൽ നൽകിയിട്ടുള്ള 28 അക്ക കോഡാണിത്. ആധാർ ഐഡിയും എൻറോൾമെന്റ് നമ്പറും ഓർമയില്ലെങ്കിലും നമ്പറുകൾ വീണ്ടെടുത്ത് ഇ ആധാർ ഡൗൺലോഡ് ചെയ്യാൻ കഴിയും.  ഇതിനായി ആധാർ നൽകിയിരിക്കുന്ന പേരും ഒ.ടി.പി ലഭിക്കുന്നതിന് നേരത്തെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണും ആവശ്യമാണ്. 
ആധാർ നമ്പറോ എൻറോൾമെന്റ് നമ്പറോ കണ്ടെത്തുന്നതിന് കംപ്യൂട്ടറിലും സ്മാർട്ട് ഫോണിലും https://uidai.gov.in/ സൈറ്റിൽ കയറണം. സൈറ്റിൽ താഴോട്ട് പോയാൽ ആധർ ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്ത ശേഷം റിട്രീവ് ഇ.ഐ.ഡി- യു.ഐ.ഡി ലിങ്കിൽ പ്രവേശിക്കണം. അടുത്ത പേജിൽ ആധാർ നമ്പറോ എൻ റോൾമെന്റ് ഐ.ഡിയോ സെലക്ട് ചെയ്ത ശേഷം ആധാർ കാർഡിൽ നൽകിയ മുഴുവൻ പേരും ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറും നൽകണം. ഇതിനു പിന്നാലെ ആധാർ നമ്പറോ എൻറോൾമെന്റ് ഐ.ഡിയോ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ലഭിക്കും. ഇത് ഉപയോഗിച്ച് ഇ- ആധാർ ഡൗൺ ലോഡ് ചെയ്യാം. ഇതിനായി യു.ഐ.ഡി.എ.ഐയുടെ ഹോം പേജിലേക്ക് മടങ്ങി ഡൗൺലോഡ് ആധാർ കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി. 
ഡൗൺലോഡ് ചെയ്തുകിട്ടുന്ന ഇ-ആധാർ പാസ്‌വേഡ് ഉള്ളതായിരിക്കും. പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങളും ജനന വർഷവും ചേർന്നതായിരിക്കും പാസ്‌വേഡ്. ഉദാഹരണത്തിന് പേര് Majeed  ഉം ജനന വർഷം 1981 ഉം ആണെങ്കിൽ പാസ്‌വേഡ് MAJE1981. പേരിന്റെ ആദ്യത്തെ നാല് അക്ഷരങ്ങൾ കാപിറ്റൽ ആയാണ് നൽകേണ്ടത്.

Latest News