ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് വ്യാപകമാക്കാനൊരുങ്ങി കമ്പനികൾ
കേബിളിനേക്കാളും ഫൈബർ ഇന്റർനെറ്റിനേക്കാളും താരതമ്യേന ചെലവേറിയതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനാക്കി മാറ്റുന്നതിന് പ്രതിമാസ ചെലവുകൾ കുറച്ചു കൊണ്ടുവരികയാണ്.
ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം പുതിയ തലത്തിലേക്ക് മാറുകയാണ്. ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലാണ് ഇനി കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്റർനെറ്റ് സേവന ദാതാവിൽനിന്ന് നമ്മുടെ കൈകളിലുളള ഉപകരണങ്ങളിലേക്ക് ഇന്റർനെറ്റ് സിഗ്നൽ എത്തിക്കാൻ ഉപഗ്രഹം ഉപയോഗിക്കുന്നതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്ഷൻ. ഇന്റർനെറ്റ് കണക്ഷനു വേണ്ടി ഭൂമിയെ ചുറ്റുന്ന ഒരു ഉപഗ്രഹത്തെ ആശ്രയിക്കുന്നതാണ് ഈ സാങ്കേതികവിദ്യ.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോം സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുന്നതിനായി അടുത്തിടെ യൂറോപ്യൻ സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവന കമ്പനിയായ എസ്.ഇ.എസുമായി സംയുക്ത സംരംഭത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
ജിയോയെ കൂടാതെ, ഭാരതി എയർടെല്ലിന്റെ വൺവെബ്, എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് എന്നിവ പോലുള്ള മറ്റു സാങ്കേതിക ഭീമന്മാരും ഇത്തരത്തിലുള്ള ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലേക്ക് അയക്കാൻ ആഗ്രഹിക്കുന്നു. പുതിയ കരാറിലൂടെ ഇന്ത്യയിലെ രണ്ട് പ്രമുഖ ടെലികോം ഓപറേറ്റർമാർ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളിലേക്ക് പ്രവേശിച്ചിരിക്കയാണ്.
ഇന്റർനെറ്റ് സേവന ദാതാക്കൾ ബഹിരാകാശത്തെ ഒരു ഉപഗ്രഹത്തിലേക്ക് ഇന്റർനെറ്റ് സിഗ്നൽ അയക്കുന്നതോടെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രവർത്തനം. ഈ സിഗ്നൽ ഉപയോക്താക്കളിലേക്ക് മടങ്ങിയെത്തുകയും അവരുടെ സാറ്റലൈറ്റ് ഡിഷ് പിടിച്ചെടുക്കുകയും ചെയ്യുന്നു. ഉപയോക്താവിന്റെ മോഡം വഴി അവസാനം കംപ്യൂട്ടറിനെ ഇന്റർനെറ്റ് സിഗ്നലുമായി ബന്ധിപ്പിക്കുന്നു. ഈ പ്രക്രിയ പിന്നീട് ഇന്റർനെറ്റ് സേവന ദാതാവിലേക്ക് തിരിച്ചുപോകുകയും ഓരോ തവണയും ആവർത്തിക്കുകയും ചെയ്യുന്നു.
ഉപയോക്താക്കൾ സാറ്റലൈറ്റ് ഇന്റർനെറ്റിലേക്ക് മാറാൻ തയാറാണെങ്കിൽ ഇന്റർനെറ്റ് സേവന ദാതാക്കൾ പ്രത്യേക തരം ഉപകരണങ്ങൾ സജ്ജമാക്കി നൽകും. നേരത്തെ, മിക്ക സാറ്റലൈറ്റ് ഇന്റർനെറ്റും വലിയ ഉപകരണങ്ങളുമായാണ് വന്നിരുന്നതെങ്കിലും ഇപ്പോൾ ഭൂരിഭാഗം ഇന്റർനെറ്റ് ദാതാക്കളുടെ പക്കലും ചെറുതും ഒതുക്കമുള്ളതുമായ ഉപകരണങ്ങളുണ്ട്. സാറ്റലൈറ്റ് ഇന്റർനെറ്റും ഇപ്പോൾ മോഡം, വയർലസ് റൂട്ടർ, നെറ്റ്വർക്ക് കേബിൾ എന്നിവയിൽ മാത്രമേ ലഭ്യമാകൂ. നേരത്തെ ചില ദാതാക്കൾ സിഗ്നലിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ ഒരു ഡിഷ് ഉപയോഗിച്ചിരുന്നുവെങ്കിലും ഇപ്പോൾ അത് സാധാരണമല്ല.
സാറ്റലൈറ്റിന്റെ സിഗ്നലിനെ നമ്മുടെ സിസ്റ്റത്തിന്റെ നെറ്റ്വർക്ക് അഡാപ്റ്ററിന് വായിക്കാൻ കഴിയുന്ന ഒന്നാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണമാണ് മോഡം. ഇതാണ് കംപ്യൂട്ടറിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നത്. സാറ്റലൈറ്റ് ഇന്റർനെറ്റിനായി ഉപയോഗിക്കുന്ന റൂട്ടറും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷനുകളിൽ ഉപയോഗിക്കുന്നതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. മോഡത്തിൽനിന്നുള്ള ഇന്റർനെറ്റ് സിഗ്നൽ റൂട്ടർ ഇന്റർനെറ്റ് കേബിൾ വഴിയോ വൈഫൈ വഴിയോ വീട്ടിൽ എല്ലായിടത്തും എത്തിക്കുന്നു.
ഉയർന്ന വേഗമാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത്. സാറ്റലൈറ്റ് ഇന്റർനെറ്റിന് നേരത്തെ വേഗം വളരെ കുറവായിരുന്നു. മുമ്പ് ഏകദേശം 750 കെ.പി.ബി.എസ് ഡൗൺലോഡ് വേഗമാണ് ഉണ്ടായിരുന്നത്. സാങ്കേതിക വിദ്യയിലെ പുരോഗതിയും പുതിയ ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ വേഗം കൂട്ടാൻ സഹായിച്ചു. നിലവിൽ 100 എം.പി.ബി.എസ് വരെ വേഗം വാഗ്ദാനം ചെയ്യുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളുണ്ട്. മിക്ക കേബിൾ, ഡി.എസ്.എൽ ഇന്റർനെറ്റ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നതു തന്നെയാണ്.
സാറ്റലൈറ്റ് ഇന്റർനെറ്റിന് കൂടിയ ലേറ്റൻസി ആയിരിക്കുമെന്നത് ഒരു പോരായ്മയാണ്. ഡാറ്റ അയക്കുന്നതിനും സ്വീകരിക്കുന്നതിനും എടുക്കുന്ന സമയമാണ് ലേറ്റൻസി എന്നറിയപ്പെടുന്നത്. സിസ്റ്റത്തിൽ നിന്ന് സാറ്റലൈറ്റ് ഡിഷിലേക്കും ഇന്റർനെറ്റ് സേവന ദാതാവിന്റെ ഉപഗ്രഹത്തിലേക്കും ഐ.എസ്.പിയിലെ മറ്റൊരു സാറ്റലൈറ്റ് ഡിഷിലേക്കും തിരിച്ചും ഡാറ്റ പോകാൻ എടുക്കുന്ന സമയമാണ് ലേറ്റൻസി. ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെടുന്നതിനാൽ വളരെക്കാലമായി സാറ്റലൈറ്റ് ഇന്റർനെറ്റിന് ലേറ്റൻസി ഒരു പോരായ്മയാണ്. കേബിളും ഫൈബർ ഇന്റർനെറ്റും 20 മുതൽ 50 മില്ലിസെക്കൻഡ് (മിഎസ്) പരിധിയിൽ ലേറ്റൻസി വാഗ്ദാനം ചെയ്യുമ്പോൾ സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖലകൾ 600 എം.എസ് വരെയാകാം. ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് 22,000 മൈൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഡാറ്റ വളരെ ദൂരം സഞ്ചരിക്കുന്നു. വളരെ വേഗത്തിലുള്ള പ്രതികരണങ്ങൾ ആവശ്യമുള്ളതിനാൽ ഗെയിമിംഗിനെയാണ് ഉയർന്ന ലേറ്റൻസി ബാധിക്കുക. എന്നാൽ വെബ് ബ്രൗസിംഗ്, ഇമെയിലിംഗ്, ഫോട്ടോ പങ്കിടൽ എന്നിവ പോലുള്ള മറ്റു ഓൺലൈൻ പ്രവർത്തനങ്ങളെ ലേറ്റൻസി കാര്യമായി ബാധിക്കില്ല.
കാലാവസ്ഥ സാറ്റലൈറ്റ് ഇന്റർനെറ്റിനെ ബാധിക്കാനും സാധ്യതയുണ്ട്. കഠിനമായ കാലാവസ്ഥ ഉപഗ്രഹ പ്രക്ഷേപണത്തെ താൽക്കാലികമായി തടസ്സപ്പെടുത്താറുണ്ട്. പക്ഷേ ഇത് സാധാരണയായി കാര്യമായ പ്രശ്നമല്ല. കൊടുങ്കാറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ റെയിൻ ഫേഡ് എന്നാണ് അറിയപ്പെടുന്നത്. കൊടുങ്കാറ്റ് ഭീഷണി ഇല്ലാതകുന്നതോടെ ഇത് പുനഃസ്ഥാപിക്കപ്പെടും. കനത്ത മഞ്ഞുവീഴ്ചയുണ്ടായാൽ സാറ്റലൈറ്റ് ഡിഷിനു ചുറ്റുമുള്ള മഞ്ഞ് ശേഖരം നീക്കം ചെയ്തുകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിയും. കനത്ത മഴയിലും കാറ്റിലും മരങ്ങൾ വീഴുന്നത് ദിവസങ്ങളോളം കേബിൾ കണക്ഷനുകൾ പ്രവർത്തന രഹിതമാക്കാറുണ്ടല്ലോ.
കേബിളിനേക്കാളും ഫൈബർ ഇന്റർനെറ്റിനേക്കാളും താരതമ്യേന ചെലവേറിയതാണ് സാറ്റലൈറ്റ് ഇന്റർനെറ്റ്. കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനാക്കി മാറ്റുന്നതിന് പ്രതിമാസ ചെലവുകൾ കുറച്ചുകൊണ്ടുവരികയാണ്.






