ന്യൂദല്‍ഹി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ട കേസില്‍ പ്രണയ ബന്ധം ചൂണ്ടിക്കാട്ടി പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് സുപ്രീം കോടതി. പോക്സോ കേസിലെ പ്രതിക്ക് ജാര്‍ഖണ്ഡ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന പോക്സോ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കുറ്റകൃത്യം നടക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രതി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നതു മാത്രം അടിസ്ഥാനമാക്കി ജാമ്യം അനുവദിക്കാവതല്ല. പ്രതിയോട് കീഴടങ്ങാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.






