ബിജെപിയിലേക്കില്ല; അവസാനശ്വാസം വരെ കോണ്‍ഗ്രസുകാരന്‍-സുധാകരന്‍ 

കണ്ണൂര്‍- അവസാനശ്വാസംവരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും എന്തുസംഭവിച്ചാലും ബിജെപിയിലേക്ക് പോകുന്ന പ്രശ്‌നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ചാനലിനു നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു സിപിഎം കള്ളപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബിജെപിയില്‍ പോകുമെന്നല്ല ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ എന്തു രാഷ്ട്രീയ നിലപാടു സ്വീകരിക്കണം എന്നതിനു സിപിഎം നേതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, തനിക്കു സ്വയം തീരുമാനമെടുക്കാന്‍ അവകാശമുണ്ട് എന്നാണ്. തന്റെ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു സിപിഎം കേന്ദ്രങ്ങള്‍ കള്ളപ്രചാരണം നടത്തുകയായിരുന്നു. 
ഇത്തരം നാണംകെട്ട പ്രചാരണം നടത്താന്‍ പി. ജയരാജനു മാത്രമേ കഴിയൂ. താന്‍ നല്‍കിയ അഭിമുഖത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്ത ഭാഗം പ്രചരിപ്പിച്ച മറ്റൊരു ചാനലിനെതിരെ നിയമനടപടി ആലോചിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ചാനല്‍ അഭിമുഖത്തിലെ യഥാര്‍ഥ ദൃശ്യങ്ങളും സിപിഎം കേന്ദ്രങ്ങള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച ഭാഗങ്ങളും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 
രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ഒരിക്കലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ല.  ശുഹൈബ് കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള സിപിഎമ്മിന് കേരള രാഷ്ട്രീയത്തിലേക്കു തിരികെ വരാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രചാരണമെന്നും സുധാകരന്‍ ആരോപിച്ചു. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതും കൊല്ലുന്നതും സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തില്‍നിന്നു കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സിപ്പണിയാണു കെ. സുധാകരന്‍ നടത്തുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണു സുധാകരന്‍ നിലപാടു വ്യക്തമാക്കി ഇന്നു രാവിലെ വാര്‍ത്താ സമ്മേളനം നടത്തിയത്. 

Latest News