ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

ബംഗളൂരു- ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബംഗളൂരുവില്‍ നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ബിസിനസുകാരന്‍ സയ്യിദ് നിയാസ് അഹ്്മദിനെ തട്ടിക്കൊണ്ടുപോയവര്‍ മൂന്ന് ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ 16 നാണ് കെ.ജി.ഹള്ളിയിലെ ഓഫീസില്‍നിന്ന് ഇയാളെ തട്ടിക്കൊണ്ടുപോയിരുന്നത്.
ശൈഖ് ജബിയുല്ല (26), സയ്യിദ് അബ്ദുല്‍ അജീം (31), ശഹ്ബാസ് എന്ന ബബന്‍ (27) റിയാസ് എന്ന പപ്പു (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അസ്ലം എന്നയാളാണ് നിയാസ് അഹ്്മദിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പിച്ചിരുന്നത്. അസ്ലമിനെ പിടികൂടാനായിട്ടില്ലെന്നും തെരച്ചില്‍ നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. അസ്ലമും നിയാസ് അഹ്്മദും തമ്മില്‍ സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അസ്ലം വാങ്ങിയ സ്വത്തിന്റെ കാര്യത്തില്‍ ഇടപെട്ട അഹ്്മദിനെ ഒരു പാഠം പഠിപ്പിക്കാനാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പോലീസ് പറഞ്ഞു.
വൈകിട്ട് നാല് മണിയോടെ ബിഎംഡബ്ല്യു കാറിലാണ് സംഘം നിയാസ് അഹ്്മദിനെ തട്ടിക്കൊണ്ടുപോയിരുന്നത്.  സുഹൃത്തായ നവീദ് ഖാനും ജീവനക്കാരന്‍ തബ്രീസും നിയാസിനെ രക്ഷിക്കാന്‍ കാറിനെ പിന്തുടര്‍ന്നുവെങ്കിലും സംഘം നവീദ് ഖാനെ കൂടി തട്ടിക്കൊണ്ടുപോയി. ഇരുവരേയും വിര്‍ഗോനഗറിലെ ഒരു വീട്ടിലാണ് പാര്‍പ്പിച്ചത്. വിട്ടയക്കുന്നതിനു മുമ്പ് നിയാസ് അഹ്്മദിന്റെ പക്കലുണ്ടായിരുന്ന 5000 രൂപ സംഘം കൈക്കലാക്കിയിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് സംഘം ഇരുവരേയും വിട്ടയച്ചിരുന്നത്.

 

Latest News