തിരുവനന്തപുരം- കോഴിക്കോട് - വയനാട് തുരങ്കപ്പാതയുടെ നിര്‍മ്മാണത്തിന്റെ പുതുക്കിയ ഡി.പി.ആറിന് മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച ഡി.പി.ആര്‍ ആണ് മന്ത്രിസഭ അംഗീകരിച്ചത്. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകക്ക് പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.
എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ 2021 ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഭേദഗതി കൊണ്ടുവരും. എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ പെടുത്തി 2021 ഫെബ്രുവരി 6 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.