ഹാദിയയും ഷെഫിനും മലപ്പുറത്തേക്ക് തിരിച്ചു 

സേലം- ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സുപ്രീം കോടതി സാധുവായി പ്രഖ്യപിച്ച പശ്ചാത്തലത്തില്‍ ഹാദിയ ഭര്‍ത്താവിനോടൊപ്പം മലപ്പുറത്തേക്ക് തിരിച്ചു. സേലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ഹാദിയ മൂന്ന് ദിവസത്തെ അവധിയെടുത്താണ് ഷെഫിനോടൊപ്പം യാത്രയായത്. ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെയാണ് ഷെഫിന്‍ ജഹാന്‍ കോളേജിലെത്തിയത്. പ്രിന്‍സിപ്പലിനോട് അനുമതി വാങ്ങിയ ശേഷം ഹോസ്റ്റലില്‍ പോയാണ് ഹാദിയ യാത്ര തിരിച്ചത്. രാത്രിയോടെ മലപ്പുറത്തെത്തും. 
നാളെ മലപ്പുറത്ത് ഹാദിയ മാധ്യമങ്ങളെ കാണുമന്ന് സൂചനയുണ്ട്. കോളേജിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് കൂടുതല്‍ പ്രതികരിക്കാന്‍ ഹാദിയ വിസമ്മതിച്ചിരുന്നു. ഹൈക്കോടതിയില്‍നിന്ന് ലഭിക്കാത്ത നീതി സുപ്രീം കോടതിയില്‍നിന്ന് ലഭിച്ചുവെന്ന് പറഞ്ഞ ഹാദിയ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ലോക വനിതാ ദിനത്തില്‍ തനിക്ക് അനുകൂലമായി കോടതി നല്‍കിയ വിധി എല്ലാ സ്ത്രീകള്‍ക്കും ശക്തി നല്‍കുന്നതാണെന്നും ഹാദിയ പറഞ്ഞു.
 

Latest News