യെമനി യുവതിക്ക് ഒറ്റ പ്രസവത്തില്‍ കണ്‍മണികള്‍ അഞ്ച്

റിയാദ് - യെമനി യുവതിക്ക് ഒറ്റ പ്രസവത്തില്‍ പിറന്നത് അഞ്ചു കണ്‍മണികള്‍. യുവതിയുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കുന്നതില്‍ ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ട് പങ്കാളിത്തം വഹിച്ചു. ഹെല്‍ത്ത് എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ ശ്രമഫലമായി യുവതിയുടെ പ്രസവ ചെലവുകള്‍ സ്വകാര്യ സ്ഥാപനമായ ദല്ല ആശുപത്രി പൂര്‍ണമായും വഹിക്കുകയായിരുന്നെന്ന് ഫണ്ട് ഡയറക്ടര്‍ മൂസ അല്‍ഖബാഅ് പറഞ്ഞു.
സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് യുവതി മൂന്നു ആണ്‍കുഞ്ഞുങ്ങള്‍ക്കും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്‍മം നല്‍കിയത്. സിസേറിയന്‍ ശസ്ത്രക്രിയക്ക് 24 മണിക്കൂര്‍ മുമ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ലേഡി ഡോക്ടര്‍മാരില്‍ ഒരാള്‍ തന്റെ വയറ്റില്‍ അഞ്ചു പാവക്കുട്ടികളെ വെച്ചുകെട്ടി ആശുപത്രിയില്‍ വെച്ച് മെഡിക്കല്‍ സംഘം മോക് ട്രയല്‍ നടത്തിയിരുന്നെന്ന് ദല്ല ആശുപത്രിയിലെ ഡോ. ആയിശ നാസിര്‍ പറഞ്ഞു.
അപൂര്‍വ സിസേറിയന്‍ ശസ്ത്രക്രിയക്കും തുടര്‍പരിചരണത്തിനും പത്തു ലക്ഷം റിയാലാണ് ചികിത്സാ ചെലവ്. ഇത് പൂര്‍ണമായും ദല്ല ആശുപത്രി വഹിക്കുകയായിരുന്നു. സിസേറിയന്‍ ശസ്ത്രക്രിയയും തുടര്‍ പരിചരണങ്ങളും പൂര്‍ത്തിയായി യുവതിയെയും കുഞ്ഞുങ്ങളെയും ദല്ല ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മക്കള്‍ക്ക് സല്‍മാന്‍, റീമ, അബ്ദുല്‍ അസീസ്, റീം, തൗഫീഖ് എന്നിങ്ങിനെയാണ് പേരിട്ടതെന്ന് പിതാവ് മാജിദ് അല്‍ഖഹ്താന്‍ പറഞ്ഞു.

 

 

Latest News