ദോഹ- മൊറോക്കൊയിലേക്കുള്ള യാത്രക്കിടെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ യാത്രക്കാരന്റെ പരാക്രമം. 12,000 മീറ്റര്‍ ഉയരത്തില്‍ പറക്കുന്നതിനിടെ മദ്യലഹരിയിലുള്ള യുവാവ് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച വിമാന ജീവനക്കാരെയും യാത്രക്കാരെയും യുവാവ് ആക്രമിച്ചു. മിനിറ്റുകളോളം സംഘര്‍ഷം നീണ്ടുനിന്നു.
വിമാന ജീവനക്കാരെയും മറ്റു യാത്രക്കാരെയും തള്ളിമാറ്റി യുവാവ് വിമാനത്തിന്റെ ഡോര്‍ വീണ്ടും തുറക്കാന്‍ ശ്രമിച്ചു. ഇതിനിടെ വിമാന ജീവനക്കാരെയും യാത്രക്കാരെയും യുവാവ് അടിക്കുകയും തൊഴിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് മറ്റുള്ളവര്‍ ചേര്‍ന്ന് യുവാവിനെ അവസാനം കീഴടക്കിയത്. കൈകള്‍ ബന്ധിച്ച് യുവാവിനെ നിയന്ത്രിച്ച വിമാന ജീവനക്കാര്‍ വിമാനം ലാന്റ് ചെയ്ത ശേഷം ഇയാളെ മൊറോക്കൊന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിനകത്തു വെച്ച് യുവാവ് പരാക്രമം നടത്തുന്നതിന്റെയും ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെയും വിമാന ജീവനക്കാരെയും യാത്രക്കാരെയും ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.






