ബെംഗളൂരു- കർണാടകയിൽ മുസ്ലിം വിദ്യാർഥിനികൾക്ക് തട്ടം വിലക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച പെൺകുട്ടികളിൽ ഒരാളുടെ സഹോദരനുനേരെ ആക്രമണം. മൽപെയിലെ പിതാവിന്റെ റസ്റ്റോറന്റ് ആക്രമിക്കപ്പെട്ടതായും പെൺകുട്ടി വെളിപ്പെടുത്തി. ആക്രമണം നടത്തിയ സംഘ്പരിവാർ ഗുണ്ടകൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് ഹസ്റ ശിഫ ട്വീറ്റിൽ ആവശ്യപ്പെട്ടു.
അക്രമികളിലൊരാൾ പെൺകുട്ടിയുടെ സഹോദരന്റെ കരണത്തടിച്ചുവെന്നും റസ്റ്റോറന്റിൽ ഒരു ജനൽ തകർത്തുവെന്നും ഉഡുപ്പി എസ്.പി വെളിപ്പെടുത്തി.
തന്റെ അവകാശമായ ഹിജാബിനുവേണ്ടി നിലകൊണ്ടതിനാലാണ് സഹോദരനെ ക്രൂരമായി മർദിച്ചതെന്നും ഉഡുപ്പിയിൽ പിതാവിന്റെ റെസ്റ്റോറന്റ് ആക്രമിച്ചതെന്നും ശിഫ ട്വീറ്റുകളിൽ പറഞ്ഞു. അടുത്ത ഇര ആരായിരിക്കുമെന്ന് അറിയില്ല. സംഘ്പരിവാർ ഗുണ്ടകൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാർഥിനി ആവശ്യപ്പെട്ടു.