ന്യൂദല്‍ഹി- റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈനില്‍നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. ഉക്രൈനിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്.
ഉക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ പഠിക്കുന്നുണ്ട്. 200-ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് ഉക്രൈനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ദല്‍ഹിയില്‍ ഇറങ്ങും.
എയര്‍ ബബിള്‍ ക്രമീകരണത്തിനുകീഴില്‍ ഉക്രൈനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന് വിമാനങ്ങള്‍ ഈ മാസംതന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 22, 24, 26 തീയതികളിലാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഉക്രൈനിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക.






